നാട്ടിൻ പുറത്ത് ഇനി നല്ല മീൻ

കണ്ണൂർ: മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ ഫിഷ്‌മാർട് വേങ്ങാട് പഞ്ചായത്തിൽ ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങും. ആധുനിക സൗകര്യത്തോടെയാണ് ഫിഷ് മാർട് ഒരുക്കിയത്. മത്സ്യത്തൊഴിലാളികളിൽനിന്ന് നേരിട്ട് മത്സ്യം ശേഖരിച്ചാണ് വിൽപ്പന.
മട്ടന്നൂർ, ആന്തൂർ നഗരസഭകളിലെ ഫിഷ്‌മാർട്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
ഗുണമേന്മയുള്ള പച്ചമത്സ്യം വിപണിയിലെത്തിക്കുന്നതിനൊപ്പം മത്സ്യത്തൊഴിലാളികൾക്ക് മികച്ച വിലയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ആധുനിക ശീതീകരണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന മാർട്ടുകളിൽ മത്സ്യത്തിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും ഉണക്കമത്സ്യങ്ങളുമുണ്ടാകും. സ്‌ത്രീകളുടെ സംഘങ്ങളാണ് വിൽപ്പന നടത്തുക.
വേങ്ങാട് പഞ്ചായത്തിൽ അഞ്ചരക്കണ്ടി ബസ് സ്‌റ്റാൻഡിന് സമീപമാണ് ഫിഷ്‌മാർട്ട് നിർമിക്കുന്നത്. നിർമാണം 90 ശതമാനം പൂർത്തിയായി. ഉപകരണങ്ങൾ സജ്ജീകരിക്കുക, സ്ത്രീ തൊഴിലാളികളെ തെരഞ്ഞെടുക്കുക എന്നിവയാണ് ബാക്കിയുള്ളത്. തെരഞ്ഞെടുത്ത തൊഴിലാളികൾക്ക് അയൽജില്ലകളിലെ ഫിഷ്‌മാർട്ടിൽ പരിശീലനം നൽകും.
സംസ്ഥാനത്തുടനീളം ഒരേ രൂപകൽപ്പനയിലാണ് സജ്ജീകരണം.
വില വിവരപ്പട്ടികക്കും ഏകീകൃതസ്വഭാവമുണ്ടാകും. വിറ്റുവരവിന്റെ മൂന്ന് ശതമാനവും ലാഭത്തിന്റെ 20 ശതമാനവും തൊഴിലാളികൾക്ക് വരുമാനമായി ലഭിക്കും. തെക്കൻ ജില്ലകളിൽ പദ്ധതി വിജയകരമായി മുന്നോട്ടുപോവുന്നുണ്ട്.മട്ടന്നൂരിൽ ഉരുവച്ചാൽ റോഡിലൊരുങ്ങുന്ന ഫിഷ്‌മാർട്ടിന്റെ പണി 75 ശതമാനമായി.
ആന്തൂർ നഗരസഭയുടെ ഫിഷ്‌മാർട് നിർമാണം ധർമശാല കോഫി ഹൗസിന് സമീപം പുരോഗമിക്കുകയാണ്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഫിഷ്‌മാർട്ട് തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഫിഷ്‌മാർട് തുടങ്ങാനുള്ള സ്ഥലം മത്സ്യഫെഡ് കണ്ടെത്തി.
തളിപ്പറമ്പ് മണ്ഡലത്തിൽനിന്നാണ് ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഫിഷ് മാർട് തുടങ്ങാൻ സന്നദ്ധത അറിയിച്ചത്. മായമില്ലാത്ത മത്സ്യം ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ഗ്രാമീണമേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയുമാണ് ലക്ഷ്യം.