അപ്രതീക്ഷിതമായി ബ്ലീഡിങ്, ഏഴരമണിക്കൂറോളം യാത്ര ;വനിതാ കണ്ടക്ടർമാരുടേത് ദുരിതയാത്ര

തൃശ്ശൂർ: ‘തൃശ്ശൂരിൽ നിന്ന് ഷൊർണൂർവഴി കൽപ്പറ്റയ്ക്കുള്ള ബസാണ്. അപ്രതീക്ഷിതമായി ബ്ലീഡിങ് തുടങ്ങി. സഹിക്കാനാകാത്ത നടുവേദന. റോഡിലെ കുഴികളിൽ ബസ് ചാടുമ്പോൾ കണ്ണിലൂടെ പൊന്നീച്ച. പെരിന്തൽമണ്ണയിൽ എത്തിയപാടേ ബാഗുമായി ഒറ്റയോട്ടമായിരുന്നു. അഞ്ചുമിനിറ്റ് പോലുമില്ല.’’ – പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ കെ.എസ്.ആർ.ടി.സി.യിലെ വനിതാ കണ്ടക്ടറുടെ അനുഭവമാണിത്.
മണിക്കൂറുകൾ നീളുന്ന യാത്രകൾ. ഏതെങ്കിലും ഡിപ്പോയിലെത്തിയാൽ വൃത്തിഹീനമായ കംഫർട്ട് സ്റ്റേഷനിലേക്ക് ഓട്ടമാണ്. കണ്ണടച്ച് മൂക്ക് പൊത്തി കാര്യം സാധിക്കും. ഭൂരിപക്ഷം ഇടങ്ങളിലും വെള്ളമുണ്ടാകില്ല. ചവറ്റുകുട്ടയുമില്ല. ഉപയോഗിച്ച സാനിറ്ററി നാപ്കിൻ കടലാസിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിക്കേണ്ട ഗതികേട്. ആർത്തവാവധി അനുവദിച്ചുകൊണ്ടുളള ഉത്തരവ് ചർച്ചയാകുമ്പോൾ പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യംപോലുമില്ലാത്ത ദുരിതത്തിലാണിവർ.
‘‘ചില റൂട്ടുകളിൽ ഡ്യൂട്ടി ചെയ്യുമ്പോൾ വെള്ളംപോലും കുടിക്കാറില്ല. കാരണം പോകുന്ന വഴിയിൽ വൃത്തിയുള്ള ശൗചാലയങ്ങളില്ല. കിഡ്നി സ്റ്റോൺ കൊണ്ട് കഷ്ടപ്പെടുകയാണ് ഞാൻ. കോട്ടയം സ്റ്റാൻഡിൽത്തന്നെ പഴയ കെട്ടിടത്തിനു മുകളിലാണ് സ്ത്രീജീവനക്കാർക്കുള്ള സൗകര്യം. വളരെക്കുറച്ച് സമയത്തിനുള്ളിൽ അവിടേക്ക് കയറി തിരിച്ചെത്തേണ്ട കാര്യമൊന്നാലോചിച്ചു നോക്കൂ.’’ -പേര് വെളിപ്പെടുത്താനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുമ്പോഴും അനുഭവങ്ങൾ വിശദീകരിക്കാൻ പലരും തയ്യാറായി.
‘‘ജോലിയിൽ ആനുകൂല്യമൊന്നും വേണ്ട. ദീർഘദൂര സർവീസുകളിലും അന്തസ്സംസ്ഥാന സർവീസുകളിലുമെല്ലാം ഡ്യൂട്ടിചെയ്യാൻ മടിയുമില്ല. ആർത്തവദിനങ്ങളിൽ പലപ്പോഴും അവധിയെടുക്കാറാണ് പതിവ്. തീർത്തും അവശയായ ഒരു ദിവസം, കണ്ടക്ടർ സീറ്റ് രോഗിയായ അച്ഛനും മകൾക്കും നൽകിയിരുന്നു.
മുന്നിലുള്ള സിംഗിൾ സീറ്റിലിരുന്ന യാത്രക്കാരിയോട് അല്പനേരമൊന്നിരുന്നോട്ടെ എന്ന് ചോദിച്ചുപോയി. സർക്കാരുദ്യോഗസ്ഥയായ അവർ പരാതി നൽകി. ആരോഗ്യസ്ഥിതി വിശദീകരിച്ച് മറുപടി നൽകിയിട്ടും എന്റെ വശം അന്വേഷണത്തിലുൾപ്പെടുത്താൻ മേലുദ്യോഗസ്ഥർ തയ്യാറായില്ല. ഒടുവിൽ താക്കീതെത്തി.
കോർപ്പറേഷനിൽ വനിതാ സെൽ രൂപവത്കരിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു. അത് കടലാസിലൊതുങ്ങി….’’ -ആരറിയുന്നു ഈ ദുരിതയാത്ര!.