റെയിൽവേ ഭൂമി പാട്ടത്തിന് നൽകൽ ലക്ഷ്യം 25,000 കോടി അധിക വരുമാനം

കണ്ണൂർ: സ്വകാര്യ സംരംഭകർക്ക് പാട്ട വ്യവസ്ഥയിൽ ഭൂമി വിട്ടുകൊടുക്കാനൊരുങ്ങി റെയിൽവേ. 35 വർഷത്തേയ്ക്ക് ഭൂമി നൽകുന്നതിലൂടെ 25,000 കോടിയുടെ അധിക വരുമാനമാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഈ തുക റെയിൽവേയുടെ ആധുനികവത്കരണത്തിന് ഉപയോഗിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.
കണ്ണൂർ, ചെന്നൈ എഗ്‌മോർ, കൊൽക്കത്ത ഹൗറ, ബംഗളൂരു കന്റോൺമെന്റ് റെയിൽവെ സ്റ്റേഷൻ പരിസരം എന്നിവയാണ് സ്വകാര്യ കാർഗോ കമ്പനികൾക്ക് പാട്ടത്തിന് നൽകുന്നത്.
റെയിൽവേ ഭൂമി ദീർഘകാലത്തേയ്ക്ക് പാട്ടത്തിനു നൽകാൻ കഴിഞ്ഞ വർഷം സെപ്തംബർ ഏഴിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു.
കണ്ണൂർ നഗരഹൃദയത്തിലുള്ള 4.93 ഏക്കർ വാണിജ്യ ആവശ്യത്തിനും റെയിൽവേ കോളനിയുടെ 2.26 ഏക്കർ സ്ഥലവുമാണ് 45 വർഷത്തേക്ക് 24,63,30,000 രൂപയ്ക്ക് ലീസിന് നൽകിയിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായ ടെക്‌സ്വർത്ത് ഇന്റർനാഷണലിനാണ് ടെൻഡർ ലഭിച്ചത്.
റെയിൽവേ നടപടിയിൽ കണ്ണൂരിൽ വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലെ റെയിൽവേ സ്റ്റേഷൻ, റോഡ് വികസനങ്ങൾ സ്തംഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. എന്നാൽ, ടെൻഡർ ഉറപ്പിച്ചതിനാൽ തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകാനാകില്ലെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന.
19 സൈറ്റുകൾ, 1633 കോടി
കഴിഞ്ഞ സാമ്പത്തിക വർഷം കണ്ണൂരിലെ ഭൂമിയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 സൈറ്റുകൾ ലീസിന് നൽകിയതിലൂടെ 1633 കോടി രൂപയാണ് റെയിൽവേയ്ക്കു ലഭിച്ചത്.
ഉപയോഗിക്കാതെ കിടക്കുന്ന റെയിൽവേ ഭൂമി – 43,000 ഹെക്ടർ
ലാഭം കൊണ്ട് നിർമ്മിക്കുന്നത്- 300 കാർഗോ ടെർമിനലുകൾ