റൈയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് അലയടിച്ച്; യുവജന പ്രതിഷേധം

കണ്ണൂർ: റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടം നൽകുന്നതിനെതിരെ യുവജനപ്രതിഷേധം. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് യുവതീ യുവാക്കളാണ് അണിനിരന്നത്.
കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ മുനീശ്വരൻ കോവിലിന്റെ എതിർഭാഗത്തെ സ്ഥലംമുതൽ റെയിൽവേ മുത്തപ്പൻ ക്ഷേത്രംവരെയുള്ള 48 ഏക്കർ ഭൂമിയാണ് 45 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. റെയിൽവേ സ്‌റ്റേഷന്റെ അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ള വികസനവും പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തിനെതിരെയായിരുന്നു യുവതയുടെ പ്രതിഷേധം.
ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറി വി .കെ സനോജ് ധർണ ഉദ്‌ഘാടനം ചെയ്‌തു. സ്വകാര്യ കമ്പനികൾക്ക് രാജ്യത്തിന്റെ ആസ്‌തികളെല്ലാം തീറെഴുതുന്ന നയമാണ് റെയിൽവേ ഭൂമിയുടെ കാര്യത്തിലും കേന്ദ്രം നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ കുത്തകകൾക്ക് വിൽക്കുകയല്ലാതെ കോടിക്കണക്കിന് വരുന്ന യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും വി. കെ സനോജ് പറഞ്ഞു.
ജില്ലാപ്രസിഡന്റ് മുഹമ്മദ് അഫ്‌സൽ അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ അശോകൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സിറാജ്, കെ ജി ദിലീപ്, എം വി ഷിമ, പി. എം അഖിൽ, പി .പി അനിഷ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞു.