പീഡനക്കേസിൽപ്പെട്ട സി.ഐമാരെയും കോടികൾ തട്ടിയ പൊലീസുകാരനെയും പിടിക്കാതെ ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ക്രിമിനൽ, ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമ്പോഴും ലൈംഗിക പീഡനക്കേസിൽ പ്രതികളായ സി.ഐമാരെയും കോടികൾ തട്ടിച്ച പൊലീസുകാരനെയും പിടികൂടാതെ പൊലീസിന്‍റെ ഒളിച്ചുകളി.
തലസ്ഥാനത്ത് അതിക്രമം നടത്തിയ ഗുണ്ടാനേതാക്കളെയും കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.പൊലീസിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഗുണ്ടാമാഫിയ ബന്ധം ആരോപിച്ച് ഒരു സ്റ്റേഷനിലെ സ്വീപ്പർ ഒഴികെയുള്ള 31 പൊലീസുകാരെയും സ്ഥലംമാറ്റിയ നടപടിക്കാണ് മംഗലപുരം പൊലീസ് സ്റ്റേഷൻ സാക്ഷ്യംവഹിച്ചത്.
ലൈംഗിക പീഡനക്കേസിൽ പ്രതികളായ ഇൻസ്പെക്ടർമാരായ എ.വി. സൈജു, ജയസനിൽ എന്നിവരെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചില്ല. പൊലീസ് നടപടി വൈകിയതിനെ തുടർന്ന് അയിരൂർ സി.ഐയായിരുന്ന ജയസനിലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചെന്നാണ് വിവരം.
മലയിൻകീഴ്, നെടുമങ്ങാട് സ്റ്റേഷനുകളിൽ ബലാത്സംഗ കേസുകളിൽ പ്രതിയാണ് സൈജു. ബലാത്സംഗ കേസിൽ ജാമ്യം ലഭിക്കാൻ വ്യാജ രേഖയും സൈജുവുണ്ടാക്കിയെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് അസോസിയേഷൻ റൂറൽ ജില്ല ഭാരവാഹിയായിരുന്ന വി. സൈജുവാണ് പീഡനകേസിൽപെട്ട് ഒളിവിൽ കഴിയുന്നതെന്നതും മറ്റൊരു വസ്തുത. എന്നാൽ ഇയാളെ പിടികൂടാൻ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മാത്രം.
പോക്സോ പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയാണ് ജയസനിലെതിരായുള്ളത്. സസ്പെൻഷനിലായ ജയസനിലും ഒളിവിലായിരുന്നെന്ന ഭാഷ്യമാണ് പൊലീസിന്‍റേത്. ഒരുകോടി തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ പൊലീസുകാരനെയും രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാനായില്ല.
പൊലീസുകാരിൽ നിന്നുൾപ്പെടെ കോടികൾ തട്ടിയ സി.പി.ഒ പാങ്ങോട് ഭരതന്നൂർ തൃക്കോവിൽവട്ടം സ്വദേശി രവിശങ്കറിനെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. രണ്ട് കേസുകളുടെയും അന്വഷണ ചുമതല നെടുമങ്ങാട് ഡിവൈ.എസ്.പിക്കാണ്.
അതിനുപിന്നാലെയാണ് തലസ്ഥാന നഗരമധ്യത്തിൽ ഗുണ്ടാക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മുഖ്യപ്രതികളെ ഉൾപ്പെടെ പിടികൂടാൻ പൊലീസിന് സാധിക്കാത്തതും.തലസ്ഥാനത്തെ ഡിവൈ.എസ്.പിമാർ ഉൾപ്പെടെ കൂടുതൽ പൊലീസുകാരുടെ ഗുണ്ട-ഭൂമാഫിയ ബന്ധങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയുമാണ്.