ശിൽപ്പ ചാരുതയിൽ പാലോറ മാതയും പശുക്കുട്ടിയും

പയ്യന്നൂർ : ദേശാഭിമാനിയോളം പഴക്കമുണ്ട് പാലോറ മാതയുടെ ഓർമകൾക്ക്. ദേശാഭിമാനിയുടെ സ്വത്വത്തിന്റെ ഭാഗമായി ചരിത്രത്തിലിടം നേടിയ ആ ഓർമകൾ പുനർസൃഷ്‌ടിച്ചിരിക്കുകയാണ് ശിൽപ്പി ഉണ്ണി കാനായി. 1946ൽ ദേശാഭിമാനി ദിനപത്രമായി കോഴിക്കോടുനിന്നും പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ പത്രത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനായി എ .കെ. ജിയുടെ നേതൃത്വത്തിൽ നാടെങ്ങും മേളകൾ നടന്നിരുന്നു.
എല്ലാവരും ചെറുസമ്പാദ്യമുൾപ്പെടെ പാർടിക്ക് കൊടുക്കാൻ തയ്യാറായി. സിലോണിലും ബർമ്മയിലും സിംഗപ്പൂരിലും സഞ്ചരിച്ച് എ കെ ജി ഫണ്ട് ശേഖരിച്ചു. ഇ .എം .എസ് തന്റെ സ്വത്ത് വിറ്റ് കിട്ടിയ അമ്പതിനായിരം രൂപ പൂർണമായും പത്രത്തിന് നൽകി. പി കൃഷ്‌ണപിള്ള എല്ലാം ഏകോപിപ്പിച്ചു.
ഇതിനിടെയാണ് പേരാവൂർ ഉരുമ്മൂടിയിലെ പാലോറ മാത ഓമനിച്ചുവളർത്തിയ പശുക്കുട്ടിയെ എ .കെ .ജിയെ ഏൽപ്പിച്ചത്. ഈ ചരിത്രമുഹൂർത്തമാണ് ദേശാഭിമാനി 80 -ാം വാർഷികത്തിന്റെ ഭാഗമായി ശിൽപ്പി ഉണ്ണി കാനായി ചുമർശിൽപ്പമായി പുനർസൃഷ്‌ടിച്ചത്.
നാല് അടി ഉയരത്തിലും ആറ് അടി വീതിയിലുമാണ് ശിൽപ്പം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രക്തസാക്ഷി ബി പൊക്കൻ വെടിയേറ്റ് വീണ കോറോത്തുനിന്ന് മണ്ണ് ശേഖരിച്ച് പിച്ചളത്തകിടിൽ കൊത്തിയെടുത്ത മാതൃകയിലാണ് നിർമാണം.
കൂത്തുപറമ്പ് വെടിവയ്‌പ്പ്, കൃഷ്‌ണപിള്ളക്ക് പാമ്പുകടിയേൽക്കുന്ന നിമിഷം, പാറപ്രം സമ്മേളനം, ഗുരുവായൂരമ്പലത്തിൽ കൃഷ്‌ണപിള്ള മണിയടിക്കുന്ന സന്ദർഭം, നങ്ങേലി, തോൽവിറക് സമരം, കല്ല് മാല സമരം എന്നിവയും കേരള ലളിതകലാ അക്കാദമി അംഗം കൂടിയായ ഉണ്ണി കാനായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ശിൽപ്പം 31ന് ഉദ്‌ഘാടനം ചെയ്യുന്ന ദേശാഭിമാനിയുടെ പുതിയ പയ്യന്നൂർ ബ്യൂറോയിൽ സ്ഥാപിക്കും.