ഭക്ഷ്യസുരക്ഷ: അടപ്പിച്ച സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന

കണ്ണൂർ: പഴകിയ ഭക്ഷണം സൂക്ഷിക്കുന്നത് ഉൾപ്പെടെ തടയാൻ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കും. അടപ്പിച്ച സ്ഥാപനങ്ങൾ വീണ്ടും പ്രത്യേക സംഘം പരിശോധിക്കും. തുടർന്ന് മുഴുവൻ മാനദണ്ഡങ്ങളും പാലിക്കുണ്ടെന്ന് ഉറപ്പാക്കിയാൽ മാത്രമെ തുറക്കാൻ അനുമതി നൽകുവെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണർ അറിയിച്ചു.
ലൈസൻസ് ഇല്ലാതെയോ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടപ്പിക്കാനാണ് കമ്മീഷണർ അസിസ്റ്റന്റ് കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ പോരായ്മകൾ പരിഹരിച്ച സ്ഥാപന ഉടമകൾ വീണ്ടും തുറക്കാൻ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങളിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് പരിശോധിച്ച് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണർമാർ കോമ്പൗണ്ടിംഗ് ഉൾപ്പെടെയുളള നടപടി പൂർത്തിയാക്കിയാണ് തുറക്കാൻ അനുമതി നൽകുക.ലൈസൻസ് ഇല്ലാത്തതിനാൽ മാത്രം പൂട്ടിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് രജിസ്‌ട്രേഷൻ കരസ്ഥമാക്കിയാൽ തുറക്കാം.
സ്ഥാപനം ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ടോ എന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തും. ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ ട്രെയിനിംഗിൽ പങ്കെടുത്ത് ഒരു മാസത്തിനുള്ളിൽ ഇത് ഹാജരാക്കണം. ലൈസൻസ് പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ മൂന്നുമാസത്തിനകം ഹൈജീൻ റേറ്റിംഗ് നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ആവർത്തിച്ചുള്ള നിയമലംഘനം:ലിസ്റ്റ് സൂക്ഷിക്കുംആവർത്തിച്ച് കുറ്റം ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ ഡെപ്യൂട്ടി കമ്മീഷണറുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുറക്കാൻ അനുവദിക്കൂ. ആവർത്തിച്ചുള്ള നിയമലംഘനം കണ്ടെത്താൻ പരിശോധന നടത്തുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ജില്ലാ ഓഫീസുകളിൽ സൂക്ഷിക്കും. വീണ്ടും തുറക്കുന്ന സ്ഥാപനങ്ങളിൽ രണ്ട് ആഴ്ചയ്ക്കകം പുനഃപരിശോധന നടത്തുമെന്നും ഭക്ഷ്യ സുരക്ഷ കമ്മീഷണർ അറിയിച്ചു.