നിങ്ങളറിയണം നിങ്ങളെങ്ങനെ നിങ്ങളായെന്ന്

കണ്ണൂർ: ‘കുന്നുമ്മന്നുണ്ടൊരു ചൂട്ട് കത്തണ്, കുഞ്ഞമ്പൂന്റെ അച്ഛനോ മറ്റാരോ ആണോ’ എന്ന വരികൾ പാടിയപ്പോൾ കുട്ടികൾക്കത് പിടികിട്ടിയില്ല. ജന്മിമാരുടെ കീഴിൽ പുലർച്ചെമുതൽ രാത്രിവരെ വയലിൽ പണിയെടുത്ത അടിയാനെ കുറിച്ചുള്ള ഈ വരികൾ സാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ വിവരിച്ചപ്പോൾ അവർ ആശ്ചര്യത്തോടെ കേട്ടിരുന്നു.കഥ പറഞ്ഞും പാട്ട് പാടിയും ചരിത്രം പറഞ്ഞുതുടങ്ങിയപ്പോൾ കുട്ടികളിൽ സംശയങ്ങളും ചോദ്യങ്ങളും. ഒടുവിലത് വിവിധ മേഖലയിലെ ചരിത്ര വഴികളിലൂടെയുള്ള സഞ്ചാരമായി.
പ്രാദേശിക ചരിത്രരചനക്കായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും സംയുക്തമായി സംഘടിപ്പിച്ച ‘പാദമുദ്ര’ ദ്വിദിന സഹവാസ ശിൽപ്പശാല ചരിത്രത്തിലേക്കുള്ള വേറിട്ടപാത തുറക്കുകയാണ്.എല്ലാത്തിനും ചരിത്രമുണ്ട്. പുതിയകാലത്ത് ചിലതൊക്കെ വളച്ചൊടിക്കുകയാണ്. വസ്തുതകൾ മറയ്ക്കുന്ന കാലഘട്ടത്തിൽ യാഥാർഥ്യം അന്വേഷിച്ച് കണ്ടെത്താൻ പുതുതലമുറക്കാവണമെന്നും പയ്യന്നൂർ കുഞ്ഞിരാമൻ പറഞ്ഞു.ചരിത്ര പഠനശേഷി കുട്ടികളിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യം.
സ്‌കൂൾ തലത്തിലാണ് ചരിത്രരചന നടത്തിയത്. തെരഞ്ഞെടുത്ത 8, 9 ക്ലാസുകളിലെ രണ്ട് വീതം കുട്ടികൾ ബിആർസിതല ശിൽപ്പശാലകളിൽ പങ്കെടുത്തു. ബിആർസികളിൽ മികച്ച പ്രകടനം കാഴ്‌ചവച്ച 30 പേരാണ് ജില്ലാതല ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. ഇതിൽനിന്നുള്ള രണ്ടുപേർക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാം. വെള്ളിയാഴ്ച ചരിത്രസ്മാരകങ്ങളായ കണ്ണൂർ കോട്ട, അറക്കൽ മ്യൂസിയം എന്നിവിടങ്ങൾ കുട്ടികൾ സന്ദർശിക്കും.
കണ്ണൂർ ശിക്ഷക് സദനിൽ ശിൽപ്പശാല ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രോഗ്രാം ഓഫീസർ രാജേഷ് കടന്നപ്പള്ളി അധ്യക്ഷനായി. എസ്എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എസ് എസ് സിന്ധു, ജില്ലാ പ്രൊജക്ട് കോ–-ഓഡിനേറ്റർ ഇ സി വിനോദ്, രാജേഷ് മാണിക്കോത്ത്, കെ രേഷ്മ എന്നിവർ സംസാരിച്ചു.