കേരളത്തിന്റെ സ്വന്തം വൈദ്യുത വാഹനങ്ങൾ വരുന്നു_

കൊച്ചി: മലയാളി സംരംഭകൻ ബിജു വർഗീസിന്റെ നേതൃത്വത്തിൽ കേരളം ആസ്ഥാനമായി തുടങ്ങിയ ‘ഹിന്ദുസ്ഥാൻ ഇ.വി. മോട്ടോഴ്‌സ് കോർപ്പറേഷൻ’ നവീന സാങ്കേതികവിദ്യകളടങ്ങിയ ഇലക്‌ട്രിക് വാഹനങ്ങൾ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. ‘ലാൻഡി ലാൻസോ’ എന്ന ബ്രാൻഡിൽ ഇരുചക്ര വാഹനങ്ങളായിരിക്കും ആദ്യം വിപണിയിലിറക്കുക._
ഇ-ബൈക്കായ ലാൻഡി ഇ-ഹോഴ്‌സ്, ഇ-സ്‌കൂട്ടറായ ലാൻഡി ഈഗിൾ ജെറ്റ് എന്നിവ വ്യവസായ മന്ത്രി പി. രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവും ചേർന്ന് കൊച്ചിയിൽ അവതരിപ്പിച്ചു. ഏപ്രിലോടെ ഇവ വിപണിയിലെത്തും. ലാൻഡി ലാൻസോ സെഡ് ശ്രേണിയിലുള്ള വാഹനങ്ങൾ ഫ്ളാഷ് ചാർജർ, ഫാസ്റ്റ് ചാർജർ സംവിധാനങ്ങളോടെയാണ് എത്തുന്നത്.
ഇതിലെ അഞ്ചാം തലമുറ ലിഥിയം ടൈറ്റനെറ്റ് ഓക്‌സി നാനോ ബാറ്ററി പായ്ക്ക് വെറും അഞ്ചുമുതൽ 10 മിനിറ്റു കൊണ്ട് ചാർജ് ചെയ്യാൻ കഴിയുമെന്ന് ഹിന്ദുസ്ഥാൻ ഇ.വി. മോട്ടോഴ്‌സ് മാനേജിങ് ഡയറക്ടർ ബിജു വർഗീസ് അറിയിച്ചു._
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ നിർമാണ യൂണിറ്റുകളിലാണ് വാഹനങ്ങൾ നിർമിക്കുന്നത്. വാഹനങ്ങളിൽ അഞ്ചാം തലമുറയിൽ പെട്ട ലിഥിയം ടൈറ്റനെറ്റ് ഓക്‌സിനാനോ സെല്ലുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ ബാറ്ററി ലൈഫ് 15 മുതൽ 25 വർഷം വരെയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു._
ഇരുചക്ര വാഹനങ്ങൾക്കു പുറമെ, ഇലക്‌ട്രിക് ബസ്, എസ്.യു.വി., മിനി കാർ എന്നിവയും ഭാവിയിൽ വിപണിയിലെത്തിക്കും. കേരളത്തിൽ തന്നെയായിരിക്കും ഇതിന്റെ നിർമാണമെന്നും ഇതിനായി 120 കോടി രൂപ നിക്ഷേപിക്കുമെന്നും ബിജു വർഗീസ് പറഞ്ഞു