ഐ. എസ്. ആർ .ഒ ചാരക്കേസിൽ സി. ബി ഐയ്ക്ക് തിരിച്ചടി, പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കാേടതി

കൊച്ചി: ഐ. എസ്. ആർ. ഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ മുൻ ഡി .ജി. പി. സിബി മാത്യൂസ് അടക്കം ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
ഒന്നാം പ്രതി എസ്. വിജയൻ, രണ്ടാം പ്രതി തമ്പി എസ്. ദുർഗാദത്ത്, നാലാം പ്രതിയും മുൻ ഡി.ജി.പിയുമായ സിബി മാത്യൂസ്, ഏഴാം പ്രതി മുൻ ഐ.ബി ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, പതിനൊന്നാം പ്രതി പി.എസ്. ജയപ്രകാശ് എന്നിവരടക്കമുള്ളവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
പ്രതികൾ ഓരോരുത്തരും നൽകിയ പ്രത്യേക ജാമ്യ ഹർജികൾ പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരെ ചാരക്കേസിൽ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് സി.ബി.ഐ കേസെടുത്തത്.
ഈ പ്രതികൾക്ക് ഹൈക്കോടതി നേരത്തെ മുൻകൂർജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നൽകിയ ഹർജിയിൽ മുൻകൂർജാമ്യം റദ്ദാക്കിയ സുപ്രീംകോടതി ഹർജികൾ വീണ്ടും പരിഗണിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതിയിലേക്ക് മടക്കുകയായിരുന്നു.
പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാട്ടിണെന്നും സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നുമാണ് സി .ബി .ഐ ആവശ്യപ്പെട്ടത്.
ചാരക്കേസ് വ്യാജമാണെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയമാണിതെന്നും മുൻകൂർ ജാമ്യ ഹർജി പരിഗണിക്കെ സി.ബി.ഐക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ എസ്.വി. രാജു വ്യക്തമാക്കിയിരുന്നു.