മത്സരക്കമ്മിഷന്റെ പിഴ: ഗൂഗിളിന്റെ ആവശ്യം തള്ളി സുപ്രീംകോടതി, ഒരാഴ്ചക്കുള്ളിൽ പിഴയുടെ 10% നൽകണം

ന്യൂഡൽഹി: ഗൂഗിളിന് മത്സരക്കമ്മിഷൻ 1337 കോടി രൂപയുടെ പിഴചുമത്തിയത് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണലിന്റെ നടപടിയിൽ ഇടപെടാതെ സുപ്രീംകോടതി.
അതേസമയം, മത്സരക്കമ്മിഷന്റെ ഉത്തരവിനെതിരേ ഗൂഗിൾ നൽകിയ അപ്പീലിൽ മാർച്ച് 31-നകം തീരുമാനമെടുക്കാൻ ട്രിബ്യൂണലിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പിഴത്തുകയുടെ പത്തുശതമാനം കെട്ടിവെക്കാൻ ഗൂഗിളിന് ഒരാഴ്ചത്തെ സമയവും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അനുവദിച്ചു.
വിപണികളിൽ മേധാവിത്വം ഉറപ്പാക്കാൻ ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈൽഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയാണ് മത്സരക്കമ്മിഷൻ പിഴചുമത്തിയത്. ആൻഡ്രോയ്ഡ് ഫോണുകൾ നിർമിക്കുമ്പോൾ ‘ഗൂഗിൾ സെർച്ച്’ ഡീഫോൾട്ടായി നൽകാൻ മൊബൈൽഫോൺ നിർമാണക്കമ്പനികളെ പ്രേരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.
മത്സരക്കമ്മിഷന്റെ നടപടി വെറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് തങ്ങൾക്ക് പരിഹരിക്കാനാവാത്ത നഷ്ടമുണ്ടാക്കുമെന്നുമാണ് ഗൂഗിളിന്റെ വാദം. 15 വർഷത്തോളമായി നിലവിലുള്ള ആൻഡ്രോയ്ഡ് സംവിധാനത്തിൽ മാറ്റംവരുത്തിയാൽ ആയിരക്കണക്കിന് ആപ്പ് ഡെവലപ്പർമാരും 1100 ഉപകരണ നിർമാതാക്കളുമായുമുള്ള ധാരണകളെയും മാറ്റേണ്ട സാഹചര്യമുണ്ടാക്കുമെന്നും ഗൂഗിൾ പറഞ്ഞു.
പ്ലേസ്റ്റോറിൽ ആപ്പ് ഡെവലപ്പർമാരുടെ പേമെന്റിനായി ഇൻ ആപ്പ് പേമെന്റ് സംവിധാനം ഉപയോഗിക്കണമെന്ന ഗൂഗിളിന്റെ നിർദേശത്തിൽ ആഗോളതലത്തിൽ വിമർശനം ശക്തമാണ്. ഇതിൽ 30 ശതമാനം കമ്മിഷനാണ് കമ്പനി ഈടാക്കുന്നത്. പ്രതിഷേധം ശക്തമാകുകയും വിവിധ രാജ്യങ്ങളിൽ പിഴ നൽകേണ്ടിവരുകയും ചെയ്തതോടെ കമ്പനി കൂടുതൽ രാജ്യങ്ങളിൽ മറ്റു പേമെന്റ് സംവിധാനങ്ങൾ ഉപയോഗിക്കാൻ അനുമതിനൽകിയിരുന്നു.