പാട്ടും കഥയുമായി ചരിത്രം പഠിച്ച് കുട്ടികള്‍

Share our post

കഥ പറഞ്ഞും പാട്ട് പാടിയും സാഹിത്യകാരന്‍ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കഥയിലെ ചരിത്രം പറഞ്ഞു തുടങ്ങി. കേട്ടു തുടങ്ങിയപ്പോള്‍ കുട്ടികളില്‍ നിന്നും സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നു. ഒടുവിലത് വിവിധ മേഖലയിലെ ചരിത്ര വഴികളിലൂടെയുള്ള സഞ്ചാരമായി. പ്രാദേശിക ചരിത്ര രചനക്കായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി സംഘടിപ്പിച്ച ‘പാദമുദ്ര’ ദ്വിദിന സഹവാസ ശില്‍പ്പശാലയിലാണ് മുഖ്യാതിഥിയായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ വേറിട്ട രീതിയില്‍ നാടിന്റെ ചരിത്രം പറഞ്ഞത്.

നാടിനെ നാശത്തില്‍ നിന്നും രക്ഷിച്ച പെണ്‍കുട്ടിയുടെയും രാജാവ് നഗ്‌നനാണെന്ന് പറഞ്ഞ ആണ്‍കുട്ടിയുടെയും കഥ പറഞ്ഞായിരുന്നു തുടക്കം. ഇതിലൂടെ അനീതികള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശക്തി കുട്ടികള്‍ക്കുണ്ടെന്ന് ഓര്‍മ്മപ്പെടുത്തി. ‘കുന്നുമ്മന്ന് ഉണ്ടൊരു ചൂട്ട് കത്തണ്, കുഞ്ഞമ്പൂന്റെ അച്ഛനോ മറ്റാരോ ആണോ’ എന്ന വരികള്‍ പാടിയപ്പോള്‍ കുട്ടികള്‍ക്കത് പിടികിട്ടിയില്ല. ജന്മിമാരുടെ കീഴില്‍ പുലര്‍ച്ചെ മുതല്‍ രാത്രി വരെ വയലില്‍ പണിയെടുത്ത അടിയാനെ കുറിച്ചുള്ള ഈ വരികള്‍ വിവരിച്ചപ്പോള്‍ അവര്‍ ആശ്ചര്യത്തോടെ കേട്ടിരുന്നു.

എല്ലാത്തിനും ചരിത്രമുണ്ടെന്നും പുതിയകാലത്ത് ചിലതൊക്കെ വളച്ചൊടിക്കുകയാണെന്നും പയ്യന്നൂര്‍ കുഞ്ഞിരാമന്‍ കുട്ടികളോട് പറഞ്ഞു. പ്രാദേശിക ചരിത്ര രചനയിലൂടെ പിന്തള്ളപ്പെട്ട വിഭാഗത്തെ മുഖ്യധാരയിലെത്തിക്കാന്‍ കഴിയും. പുരുഷാധിപത്യം കൊണ്ട് ചരിത്രത്തില്‍ വേണ്ടത്ര ഇടം ലഭിക്കാതിരുന്ന സ്ത്രീകള്‍ക്കും ഇതൊരു അവസരമാകും. മേലാള വിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് പല ചരിത്രവുമുള്ളത്. അതിനാലാണ് കഥകളി, തിരുവാതിര തുടങ്ങിയവ അടയാളപ്പെടുത്തിയപ്പോള്‍ കുടിലുകളിലെ കലാരൂപങ്ങള്‍ തമസ്‌ക്കരിക്കപ്പെട്ടത്.

തലതാഴ്ത്തി അടിയന്‍ എന്ന് പറഞ്ഞവര്‍ തലയുയര്‍ത്തി ഞാന്‍ എന്ന് പറയാന്‍ പ്രാത്പതരായതില്‍ പോലും വലിയ ചരിത്രമുണ്ട്. വസ്തുതകള്‍ മറയ്ക്കുന്ന കാലഘട്ടത്തില്‍ യഥാര്‍ഥ്യം അന്വേഷിച്ച് കണ്ടെത്താന്‍ പുതുതലമുറക്കാവണമെന്നും അദ്ദേഹം പറഞ്ഞു.ചരിത്ര പഠനശേഷി കുട്ടികളില്‍ വളര്‍ത്തിയെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്‌കൂള്‍ തലത്തിലാണ് ചരിത്ര രചന നടത്തിയത്. തെരഞ്ഞെടുത്ത 8, 9 ക്ലാസുകളിലെ രണ്ട് വീതം കുട്ടികള്‍ ബി ആര്‍ സിതല ശില്‍പ്പശാലകളില്‍ പങ്കെടുത്തു.

ബി ആര്‍ സികളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച 30 പേരാണ് ജില്ലാതല ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ഇതില്‍ നിന്നുള്ള രണ്ടുപേര്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. രണ്ടാം ദിവസമായ വെള്ളിയാഴ്ച ചരിത്രസ്മാരകങ്ങളായ കണ്ണൂര്‍ കോട്ട, അറക്കല്‍ മ്യൂസിയം എന്നിവിടങ്ങള്‍ കുട്ടികള്‍ സന്ദര്‍ശിക്കും.

കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന ചടങ്ങ് ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ രാജേഷ് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എസ് എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ എസ് എസ് സിന്ധു, ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, പരിശീലകന്‍ രാജേഷ് മാണിക്കോത്ത്, ക്ലസ്റ്റര്‍ റിസോഴ്സ് കോ ഓര്‍ഡിനേറ്റര്‍ കെ രേഷ്മ എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!