പോക്സോ കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവും പിഴയും

കാഞ്ഞങ്ങാട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 17 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 21 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ.
കാലിക്കടവ് കൊല്ലറൊട്ടിയിലെ പി.പി. ദിനേശനെയാണ് (40) കാസർകോട് അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ്, വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു വർഷംകൂടി അധിക തടവ് അനുഭവിക്കണം.
ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് നീലേശ്വരം ഇൻസ്പെക്ടറായിരുന്ന വി. ഉണ്ണികൃഷ്ണനാണ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.