വിജിലൻസിന്റെ ഓപ്പറേഷൻ ഓവർ ലോഡ് എട്ട് ടോറസും രണ്ട് ടിപ്പറും പിടികൂടി

കാസർകോട്: സംസ്ഥാന വ്യാപകമായി വിജിലൻസ് ഇന്നലെ നടത്തിയ ഓപ്പറേഷൻ ഓവർലോഡ് മിന്നൽ പരിശോധനയിൽ അമിത ഭാരം കയറ്റിയതും പാസില്ലാത്തതുമായ നിരവധി വാഹനങ്ങൾ പിടികൂടി.കാസർകോട് ജില്ലയിൽ വിജിലൻസ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെയും ഇൻസ്പെക്ടർ സിബി തോമസിന്റെയും നേതൃത്വത്തിൽ രണ്ട് സ്ക്വാഡുകൾ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി എട്ട് ടോറസും രണ്ട് ടിപ്പർ ലോറികളും പിടികൂടി.
അനുവദിച്ചതിലും കൂടുതലായി 15 മുതൽ 20 ടൺ വരെ ഭാരം അധികമായി കയറ്റി പോകുന്നതായിരുന്നു ടോറസുകൾ. പാസില്ലാത്തതും അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റിയതുമായിരുന്നു ടിപ്പർ ലോറികൾ.പിടികൂടിയ വാഹനങ്ങളിൽ വലിയ കരിങ്കല്ലുകൾ, ജില്ലി, എം സാന്റ് തുടങ്ങിയവയായിരുന്നു.
ഇവയ്ക്കെതിരെ നടപടിയെടുക്കുന്നതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകൾക്ക് കൈമാറി. വിജിലൻസിന്റെ രണ്ട് സംഘങ്ങളിലുമായി ഡിവൈ. എസ്.പി കെ.വി വേണുഗോപാൽ, ഇൻസ്പെക്ടർ സിബി തോമസ്, എ.എസ്.ഐമാരായ വി.എം മധുസുദനൻ, പി.വി സതീശൻ, വി.ടി സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ രഞ്ജിത് കുമാർ, കെ.വി ജയൻ, പി.വി സുധീഷ്, കെ. പ്രമോദ് കുമാർ, ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിലെ അസി. എൻജിനീയർ വി. രാജീവൻ, ഹൊസ്ദുർഗ് അഡീഷണൽ തഹസിൽദാർ വർഗീസ് മാത്യു എന്നിവരുമുണ്ടായിരുന്നു.