റെയിൽവേ ഭൂമി ഇനി ടെക്സ്വർത്ത് ഇന്റർനാഷനൽ കമ്പനിക്ക്

കണ്ണൂർ: റെയിൽവേയുടെ അധീനതയിലുള്ള 7.19 ഏക്കർ ഭൂമി ഇനി സ്വകാര്യ ഏജൻസിക്ക് സ്വന്തം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പലകാരണങ്ങളാൽ നീണ്ടുപോയ നാല്, അഞ്ച് പ്ലാറ്റ് ഫോമുകളുടെ നിർമാണവും പുതിയ പാർക്കിങ് സ്റ്റേഷനുമെല്ലാം ഇനി സ്വപ്നമാവും.
പ്ലാറ്റ് ഫോം നിർമാണത്തിന് ഫണ്ട് വരെ അനുവദിച്ച് ഏറെ മുന്നോട്ടുപോയ വേളയിലാണ് സ്വകാര്യ ഏജൻസിക്കുള്ള ഭൂമികൈമാറ്റം. റെയിൽവേയുടെ കണ്ണായ സ്ഥലം വാണിജ്യ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയെന്ന വ്യാജേനയാണ് ടെക്സ്വർത്ത് ഇന്റർനാഷനൽ എന്ന കമ്പനിക്ക് കൈമാറിയത്.
24.63 കോടിക്ക് 45 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകിയത്. രാജ്യത്തെ 24 റെയിൽവേ സ്റ്റേഷനുകളിലെ വിവിധ പ്രവൃത്തികൾക്കൊപ്പമാണ് കണ്ണൂർ സ്റ്റേഷനിലെ ഭൂമികൈമാറ്റ നടപടികളും പൂർത്തിയാക്കിയത്. റെയിൽവേ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി വഴിയാണ് ഭൂമി സ്വകാര്യ ഏജൻസിക്ക് നൽകിയത്.
ഒന്നാം പ്ലാറ്റ് ഫോമിന്റെ പടിഞ്ഞാറ് ഭാഗത്തെ 4.99 ഏക്കറും കിഴക്കേ കവാടത്തിനു സമീപത്തെ 2.26 ഏക്കറുമാണ് വിട്ടുനൽകിയത്. ഇതിൽ 4.99 ഏക്കറിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും 2.26 ഏക്കറിൽ റെയിൽവേ കോളനികളുടെ വികസനവും എന്ന നിലക്കാണ് കമ്പനിയുമായുള്ള കരാർ.
പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ അടിപ്പാത മുതൽ മുനീശ്വരൻ കോവിലിന് മുൻവശം വരെയുള്ള ഭാഗവും മുത്തപ്പൻ ക്ഷേത്രത്തിനോട് ചേർന്നുള്ള ഭാഗവും നിലവിലെ റെയിൽവേ ക്വാർട്ടേഴ്സുമുള്ള ഭാഗമാണ് കൈമാറുക. ശേഷിക്കുന്ന ഭൂമിയും രണ്ടാംഘട്ടത്തിൽ കൈമാറുമെന്നാണ് സൂചന.