പദവി ചോദിച്ചു വാങ്ങിയതല്ല; പ്രധാനമന്ത്രി അടക്കമുള്ളവരോടു ബന്ധമുണ്ട്: കെ.വി.തോമസ്

Share our post

കൊച്ചി∙ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പദവി ചോദിച്ചു വാങ്ങിയതല്ലെന്ന് കെ.വി.തോമസ്. സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഡൽഹിയിൽ പോകുമ്പോൾ കോൺഗ്രസ് നേതാക്കളെ കാണാറുണ്ട്. ഇടതുമുന്നണിയോടൊപ്പമാണ് നിൽക്കുന്നത്. ഇടത് കാഴ്ചപ്പാടുള്ള ആളാണ്. യച്ചൂരിയോടും മറ്റ് നേതാക്കൻമാരോടും നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഒരുമിച്ചു നിൽക്കണം. അതാണ് കെ റെയിലിന് പിന്തുണ നൽകിയത്. നെടുമ്പാശേരി വിമാനത്താവളം, വൈപ്പിൻ പദ്ധതികൾ വന്നപ്പോളും എതിർപ്പുണ്ടായിരുന്നു. അന്നും വികസനത്തിനൊപ്പമായിരുന്നു നിന്നത്.

വാർഡ് പ്രസിഡന്റായി തുടങ്ങിയ ആളാണ്. എല്ലാവരേയും യോജിപ്പിച്ചു നിർത്തി. എന്നെ പുറന്തള്ളിയത് കോൺഗ്രസാണ്. ഞാൻ പത്ത് പേരെ വച്ച് ഗ്രൂപ്പുണ്ടാക്കാൻ നിന്നില്ല. ഗ്രൂപ്പിനൊന്നും നിലനിൽപ്പില്ല. വികസനത്തിന് ഒപ്പം നിൽക്കണം.

വികസനകാര്യത്തിൽ പിണറായി വിജയൻ സർക്കാർ ഒരുപാട് മുന്നോട്ടുപോയി. കേരളത്തിന്റെ വികസനത്തിനായി രാഷ്ട്രീയമില്ലാതെ പ്രവർത്തിക്കും. പ്രധാനമന്ത്രിയടക്കമുള്ളവരോടു ബന്ധമുണ്ട്. ഇത് കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കും’’– കെ.വി.തോമസ് പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു. തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തതിനു പിന്നാലെയായിരുന്നു നടപടി. കോൺഗ്രസിന്റെ വിലക്കു ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനെ തുടർന്നാണ് കെ.വി.തോമസ് പാർട്ടിയുമായി അകലാൻ തുടങ്ങിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!