ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം; സാംപിൾ പരിശോധന വിപുലമാക്കണമെന്ന ആവശ്യമുയരുന്നു

Share our post

കോഴിക്കോട്: ഹോട്ടല്‍ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ കുറേക്കൂടി വിപുലമാക്കണമെന്ന ആവശ്യമുയരുന്നു. 2006-ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് പ്രകാരം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമാത്രമാണ് ഭക്ഷ്യവസ്തുക്കളുടെ സാംപിള്‍ ശേഖരിക്കാന്‍ അധികാരമുള്ളത്.

ഇത് നഗരസഭകളിലെയും പഞ്ചായത്തുകളിലെയും ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കും മെഡിക്കല്‍ഓഫീസര്‍മാര്‍ക്കുംകൂടി നല്‍കണമെന്നാണ് ആവശ്യം. തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ കടകളില്‍ പരിശോധന നടത്തുകയും നടപടികളെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും സാംപിള്‍ എടുക്കാന്‍ നിയമപരമായി അനുവാദമില്ല.

ഒരു നിയോജകമണ്ഡലത്തില്‍ ഒരു ഫുഡ് സേഫ്റ്റി ഓഫീസറാണ് നിയമപ്രകാരമുള്ളത്. സാംപിള്‍ ശേഖരിച്ച് റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചശേഷമാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്കു പുറമേ അടിയന്തര ഘട്ടങ്ങളില്‍ പോലീസും സാംപിള്‍ ശേഖരിക്കുന്നുണ്ടെങ്കിലും ഇത് ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയില്‍ വരില്ല.

തദ്ദേശ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കുകൂടി സാംപിള്‍ പരിശോധിക്കാനുള്ള അനുവാദം നല്‍കിയാല്‍ പരിശോധന കുറേക്കൂടി കാര്യക്ഷമമായി നടക്കുമെന്നാണ് വിലയിരുത്തല്‍.

രാത്രിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ പരിശോധന പൊതുവേ കാര്യക്ഷമമായി നടക്കാറില്ല. ഇത്തരം പല ഭക്ഷണശാലകളിലും ബില്ല് നല്‍കുന്നില്ലെന്നും ആക്ഷേപങ്ങളുണ്ട്.

സാംപിള്‍ പരിശോധനയ്ക്ക് അനുമതി നല്‍കാന്‍ നിയമഭേദഗതി ആവശ്യമാണ്. എന്നാല്‍ വ്യക്തികള്‍ക്ക് സാംപിള്‍ ശേഖരിക്കാന്‍ നിയമത്തിലെ 40-ാം വകുപ്പ് അനുമതി നല്‍കുന്നുണ്ട്. ഇതുപ്രകാരം മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് സാംപിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദേശമുയരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!