ടേബിള്‍ ടെന്നീസില്‍ രണ്ട് സംഘടന; വട്ടംകറങ്ങി കളിക്കാര്‍

കോഴിക്കോട്: സംസ്ഥാന ടേബിള്‍ ടെന്നീസ് അസോസിയേഷനിലെ പിളര്‍പ്പിനെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ പരിഹാരം നീളുന്നതോടെ വെട്ടിലാകുന്നത് താരങ്ങള്‍. അംഗീകാരമടക്കമുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമുണ്ടാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുവതാരം അജിന്‍സ് സജിക്കുവന്ന വിലക്ക്.
2016 മുതല്‍ സംസ്ഥാനത്ത് ടേബിള്‍ ടെന്നീസിന് രണ്ട് അസോസിയേഷനുകളാണുള്ളത്. ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഓഫ് കേരളയും (ടി.ടി.എ.കെ.) കേരള ടേബിള്‍ ടെന്നീസ് അസോസിയേഷനും (കെ.ടി.ടി.എ.). അതില്‍ അഖിലേന്ത്യാ ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ അംഗീകാരം ടി.ടി.എ.കെ.ക്കും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം കെ.ടി.ടി.എ.യ്ക്കുമാണ്. ഇതാണ് കളിക്കാരെ വട്ടംകറക്കുന്നത്.
കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ നടത്തിയ എറണാകുളം ജില്ലാ മത്സരത്തില്‍ ചാമ്പ്യനായ അജിന്‍സ് സജിയെ ടി.ടി.എ.കെ.യാണ് വിലക്കിയത്. അവരുടെ ടൂര്‍ണമെന്റുകളിലും ദേശീയ മത്സരങ്ങളിലും പങ്കെടുക്കാന്‍ താരത്തിന് കഴിയില്ല. സംസ്ഥാനതലത്തില്‍ ഇരുസംഘടനകളും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ദേശീയ തലത്തില്‍ ടി.ടി.എ.കെ.യുടെ കീഴിലാണ് മത്സരിക്കാന്‍ കഴിയുക.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന് കീഴില്‍ കളിക്കണം, ദേശീയതലത്തിലടക്കം മത്സരിക്കാന്‍ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഓഫ് കേരളയിലും. ഇതാണ് കളിക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
2016-ലാണ് ടേബിള്‍ ടെന്നീസ് സംഘടന പിളരുന്നത്. അതിനുശേഷം ഇരു അസോസിയേഷനുകളും നിയമപോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരത്തിലും ദേശീയ ഫെഡറേഷന്റെ തീരുമാനത്തിലും നിയമപോരാട്ടം നടക്കുന്നുണ്ട്. എന്നാല്‍, ഇത് തീര്‍പ്പാക്കാനുള്ള ശ്രമം സ്പോര്‍ട്സ് കൗണ്‍സിലോ ദേശീയ ഫെഡറേഷനോ നടത്തുന്നില്ല.
കളിക്കാരെ വിലക്കിയതില്‍ തെറ്റില്ലെന്നും ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനുള്ള നീക്കമാണിതെന്നും ടി.ടി.എ.കെ. സംസ്ഥാന സെക്രട്ടറി മൈക്കിള്‍ മത്തായി പറഞ്ഞു. തങ്ങളുടെ അസോസിയേഷനില്‍ അംഗത്വമുള്ള താരം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചതുമാണ്. അതിനുശേഷമാണ് മറ്റൊരു സംഘടനയുടെ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചത്. ഇതാണ് നടപടിക്ക് കാരണം.
ദേശീയ ഫെഡറേഷന്‍ അംഗീകരിച്ചതിനാല്‍ തങ്ങളുടേതാണ് ഔദ്യോഗിക സംഘടന. സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം സംബന്ധിച്ച വിഷയത്തില്‍ തീരുമാനം നീണ്ടുപോകുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് തീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സ്പോര്‍ട്സ് കൗണ്‍സിലാണ് ചെയ്യേണ്ടതെന്നും മൈക്കിള്‍ മത്തായി വ്യക്തമാക്കി.
ഓപ്പണ്‍ ടൂര്‍ണമെന്റായതിനാല്‍ കളിക്കാരനെ വിലക്കാന്‍ അധികാരമില്ലെന്ന് കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ സെക്രട്ടറി വിജയ് അര്‍ജന്‍ദാസ് പറഞ്ഞു. പുതിയ സംഘടന നിയമപ്രകാരം രൂപവത്കരിച്ചതല്ലെന്നും സ്പോര്‍ട്സ് കൗണ്‍സിലിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും വിജയ് വ്യക്തമാക്കി.