കുഷ്‌ഠരോഗം പൂർണമായി നിർമാർജനം ചെയ്യുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

Share our post

തിരുവനന്തപുരം: സമൂഹത്തിൽ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് ചികിത്സിച്ച് കുഷ്‌ഠരോഗം പൂർണമായും നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അശ്വമേധം കാമ്പയിന്റെ ഭാഗമായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ രണ്ടാഴ്‌ചക്കാലം വീടുകളിലെത്തി രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നു.

തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ എന്നിവയുള്ളവർ അവഗണിക്കരുത്. നേരത്തെ ചികിത്സിച്ചാൽ സങ്കീർണതകളിൽ നിന്നും രക്ഷനേടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. അശ്വമേധം കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃക ആസ്പത്രിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുഷ്‌ഠരോഗ നിർമാർജനത്തിന് ആരോഗ്യ വകുപ്പ് ഊർജിത പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങൾ നടത്താൻ കേരളത്തിനായി. ഈ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി പൂർണമായും കുഷ്ഠരോഗത്തിൽ നിന്നും മുക്തി നേടുകയാണ് ലക്ഷ്യം. ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിക്കുമ്പോൾ കൃത്യമായ വിവരം നൽകണം.

അതിലൂടെ രോഗമുണ്ടെങ്കിൽ കണ്ടെത്തി ചികിത്സിക്കാൻ സഹായിക്കും. രണ്ടാഴ്‌ചയ്ക്കുള്ളിൽ മുഴുവൻ ആളുകളിലും എത്തുന്ന വിധത്തിലാണ് കാമ്പയിൻ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കുഷ്‌ഠ രോഗം അവഗണിക്കരുത്. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തുമ്പോൾ കൃത്യമായ വിവരങ്ങൾ നൽകി രോഗമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ആസ്പത്രികളിൽ ഗുണമേന്മ ഉറപ്പാക്കി മികച്ച സേവനമൊരുക്കുകയാണ് ആർദ്രം രണ്ടിലൂടെ ലക്ഷ്യമിടുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കുക, മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുക എന്നിവയും ലക്ഷ്യമിടുന്നു. രോഗ പ്രതിരോധത്തിനും വലിയ പ്രാധാന്യമുണ്ട്. ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ജനകീയ കാമ്പയിനും നടപ്പിലാക്കി വരുന്നു.

മെഡിക്കൽ കോളേജുകളിൽ തിരക്ക് കുറയ്ക്കുന്നതിനായി റഫറൽ സമ്പ്രദായം നടപ്പിലാക്കി വരുന്നു. ഇതിനായി റഫറൽ പ്രോട്ടോകോൾ രൂപീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ആസ്പത്രികളെ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

വി കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.എച്ച്എം സ്റ്റേ‌റ്റ് മിഷൻ ഡയറക്ടർ വി .ആർ വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ വകുപ്പ് അഡീ. ഡയറക്‌ടർമാരായ ഡോ. കെ.വി നന്ദകുമാർ, ഡോ. കെ .സക്കീന, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജമീല ശ്രീധരൻ, അഡീ. ഡി.എം.ഒ ഡോ. എസ്. അനിൽകുമാർ പേരൂർക്കട ആസ്പത്രി സൂപ്രണ്ട് ഡോ. എ.എൽ ഷീജ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ, ഡപ്യൂട്ടി ഡിഎംഒ ഡോ. എസ് ഷീല, സ്റ്റേറ്റ് ലെപ്രസി ഓഫീസർ ഡോ. സിന്ധു ശ്രീധരൻ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ കെ. എൻ അജയ് എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!