കളരിയിലെ വേറിട്ട പ്രവർത്തനത്തിന് ശ്രീജയൻ ഗുരിക്കൾക്ക് അംഗീകാരം

Share our post

ഇരിട്ടി: കളരിപ്പയറ്റിനെ നെഞ്ചോട് ചേർത്ത് നടത്തുന്ന വേറിട്ട പ്രവർത്തനങ്ങൾക്ക് പി.ഇ. ശ്രീജയൻ ഗുരിക്കൾക്ക് ഫോക്‌ലോർ അക്കാഡമി അവാർഡ്. കാക്കയങ്ങാട് സ്വദേശിയും പഴശ്ശിരാജ കളരി അക്കാഡമിയിലെ പരിശീലകനുമാണ് ശ്രീജയൻ ഗുരിക്കൾ.

കഴിഞ്ഞ 35 വർഷമായി കളരിപ്പയറ്റിനെ ഹൃദയത്തോട് ചേർത്തുള്ള ജീവിതമാണ് പി.ഡബ്ല്യു.ഡി കോൺട്രാക്ടർ കൂടിയായ ശ്രീജയൻ ഗുരിക്കൾ വളരെ ചെറുപ്പത്തിൽ തന്നെ കളരിപ്പയറ്റ് അഭ്യസിക്കുകയും പിന്നീട് ശാസ്ത്രീയ പരിശീലനം നൽകുന്നതിനായി 2010 ൽ പാലപ്പുഴയിൽ പഴശ്ശിരാജ കളരി അക്കാഡമി ആരംഭിക്കുകയും ചെയ്തു.

12 വർഷമായി 1500ഓളം വിദ്യാർത്ഥികൾ ഇദ്ദേഹത്തിന്റെ കീഴിൽ തികച്ചും സൗജന്യമായി കളരി പരിശീലനം പൂർത്തിയാക്കി.കഴിഞ്ഞ 12 വർഷമായി ജില്ലാസംസ്ഥാന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി ശ്രീജയൻ ഗുരിക്കളുടെ ശിഷ്യർ വിജയികളാവുന്നു. 2011 മുതൽ 14 കുട്ടികൾക്ക് ഒന്നേകാൽ ലക്ഷം രൂപയുടെ ഖേലോ ഇന്ത്യ സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്.

സർവകലാശാല മേളകളിലും വിജയികളാവുന്നത് ശ്രീജയൻ ഗുരിക്കൾ പരിശീലിപ്പിക്കുന്നവരാണ്.ഭാരതീയാർ സർവ്വകലാശാലയിൽ നിന്ന് യോഗയിലും സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് സ്‌പോർട്സ് മസാജിലും കളരിപ്പയറ്റ് അസോസിയേഷനിൽ നിന്ന് കളരി മസാജിലും ഡിപ്ലോമകൾ നേടിയിട്ടുണ്ട്.കളരി പരിശീലനത്തിന് പുറമേ പാരമ്പര്യ കളരി മർമ്മ ചികിത്സയും ശ്രീജയൻ ഗുരിക്കൾ നടത്തിവരുന്നു.

ഇന്ത്യൻ കളരിപയറ്റ് ഫെഡറേഷൻ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി, ടെക്നിക്കൽ കമ്മിറ്റി എന്നിവയിലും അംഗമാണ്.പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിനായി പ്രത്യേകം ചിട്ടപ്പെടുത്തിയ രീതിയിൽ ഉള്ള പരിശീലന പരിപാടിയും നിരവധി സ്‌കൂളുകളിൽ നടത്തിവരുന്നു.

പാല ഗവൺമെന്റ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ സി. കുഞ്ഞിരാമന്റെയും പി.ഇ. ഓമനയുടെയും മകനാണ് പി.ഇ. ശ്രീജയൻ. ഭാര്യ: മിനി. ആറാം ക്ലാസുകാരി ശ്രീലക്ഷ്മിയും നാലാംക്ലാസുകാരി ശ്രീജിത്തും മക്കളാണ്. ഇവരും കളരി പരിശീലിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!