പാനൂർ സംഘർഷം: കോൺഗ്രസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

തലശേരി: പാനൂർ മേഖലയിൽ കോൺഗ്രസ്-ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളായ രണ്ട് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി പ്രവർത്തകരായ പന്ന്യന്നൂർ ശ്രീനന്ദനത്തിൽ അതുൽ (28), താഴെകുനിയിൽ അനിൽ കുമാർ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പന്ന്യന്നൂരിലെ ഉത്സവ സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പാനൂർ പോലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി സംഘർഷ പ്രദേശങ്ങളിൽ പോലീസ് റെയ്ഡ് നടത്തി വരികയാണ്.
തിങ്കളാഴ്ച അർധരാത്രിയിൽ അക്രമത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റും പാനൂർ നഗരസഭ കൗൺസിലറുമായ പൂക്കോം വലിയാണ്ടി പീടികയിലെ കെ.പി ഹാഷിം (45) അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഹാഷിമിനെ അക്രമിച്ച സംഭവത്തിൽ പത്ത് ബി.ജെ.പി-ആർ.എസ്എസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് ചൊക്ലി പോലീസ് കേസെടുത്തിട്ടുള്ളത്.