ആരാധനാലയത്തിൽ നിന്ന് ബൈക്ക് മോഷ്ടിച്ചയാൾ അറസ്റ്റിൽ

നിലമ്പൂർ: കോടതി പടിയിലെ ആരാധനാലയത്തിൽ നിന്ന് ബൈക്ക് മോഷണം പോയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. അമ്പലവയൽ മൂപ്പനാട് സ്വദേശി മൂച്ചിക്കൽ സൽമാൻ ഫാരിസാണ് (23) അറസ്റ്റിലായത്. ഡിസംബർ 24 നാണ് സ്കൂൾ ബസ് ജീവനക്കാരന്റെ ബൈക്ക് മോഷണം പോയത്.
ബൈക്ക് സ്ഥിരമായി നിർത്തിയിടുന്ന ആരാധനാലയത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന പ്രതി രാത്രി ബൈക്ക് മോഷ്ടിച്ചു കടക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതിയെ കോട്ടക്കലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മോഷ്ടിച്ച ബൈക്ക് രജിസ്ട്രേഷൻ നമ്പർ തിരുത്തി ഉപയോഗിച്ചു വരികയായിരുന്നു.
പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തവണ വ്യവസ്ഥയിൽ ഇലക്ട്രോണിക് സാധനങ്ങൾ എത്തിച്ച് നൽകാമെന്ന് പറഞ്ഞ് പലരിൽ നിന്നും പണം തട്ടിയെടുത്തെ സംഭവത്തിൽ പ്രതിക്കെതിരെ ഇടുക്കി തങ്കമണി, മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
നിലമ്പൂർ ഇൻസ്പെക്ടർ പി.വിഷ്ണു, എസ്.ഐ. വി. വിജയരാജൻ, സി.പി.ഒമാരായ പ്രിൻസ്, അനസ്, ഡാൻസാഫ് അംഗങ്ങളായ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.