ലൈഫ്‌ പദ്ധതി: തൃശ്ശൂരിൽ ഈ വർഷം 5364 പേർക്കുകൂടി വീട്‌

Share our post

തൃശൂർ :പാവപ്പെട്ടവർക്ക്‌ തലചായ്‌ക്കാൻ സ്വന്തമായി വീടെന്ന സ്വപ്‌നസാഫല്യമായി ലൈഫ്‌ പദ്ധതി വഴി ജില്ലയിൽ ഈ വർഷം 5364 പേർക്ക്കൂടി വീടുയരും. ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ച ലൈഫ്‌ മിഷൻ പദ്ധതി വഴിയും മറ്റു വകുപ്പുപദ്ധതികൾ വഴിയും ഇതിനകം 22,965 വീടുകളുടെ പണി പൂർത്തിയായി. 3932 വീടുകൂടി പൂർത്തിയാവാനുണ്ട്‌. 2020ൽ പുതുതായി തെരഞ്ഞെടുത്ത ലിസ്‌റ്റിൽ ഭൂമിയുള്ള 27,857പേരും ഭൂമിയില്ലാത്ത 21,351 പേരും ഉൾപ്പെട്ടിട്ടുണ്ട്‌.

ഇതുകൂടാതെ സർക്കാർ ശേഖരിച്ച അതിദരിദ്രരുടെ ലിസ്‌റ്റിൽ 5013 പേരുണ്ട്‌. ലിസ്‌റ്റിൽ ഉൾപ്പെടാത്ത അതിദരിദ്രർക്കും വീട്‌ നൽകും. ഇതുൾപ്പെടെ 50,000ൽപ്പരം പേർക്ക്‌ വീട്‌ നൽകാനാണ്‌ ലക്ഷ്യം. ഇതിൽ ആദ്യഘട്ടമായാണ്‌ 5364 പേർക്ക്‌ നൽകുന്നത്‌. മാർച്ച്‌ 31 നകം ആദ്യഘട്ടം ലക്ഷ്യം കൈവരിക്കണമെന്ന്‌ തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി എം ബി രാജേഷ്‌ നിർദേശം നൽകിയിട്ടുണ്ട്‌.

25നകം തെരഞ്ഞെടുത്ത ഉപഭോക്താക്കൾ കരാർ വയ്‌ക്കണം. രേഖകൾ കൃത്യമായ പട്ടികജാതി, പട്ടിക വർഗ, മത്സ്യത്തൊഴിലാളി തുടങ്ങിയ വിഭാഗങ്ങൾക്കാണ്‌ ആദ്യഘട്ടത്തിൽ മുൻഗണന. ഈ വർഷം വീട്‌ ലഭിക്കുന്ന 5364 പേരിൽ 2577 പേർ പട്ടികജാതിക്കാരും 23 പട്ടിക വർഗക്കാരുമാണ്‌.

244 അതിദരിദ്രരും 325 മത്സ്യത്തൊഴിലാളികളും ഉൾപ്പെട്ടു. 2195പേർ ജനറൽ വിഭാഗക്കാരാണ്‌. ലൈഫ്‌ പദ്ധതിക്കൊപ്പം സംസ്ഥാന പട്ടികജാതി, പട്ടിക വർഗ വകുപ്പ്‌, ഫിഷറീസ്‌ വകുപ്പു ഫണ്ട്‌ ഉപയോഗിച്ച്‌ വീടുകൾ നിർമിക്കുന്നുണ്ട്‌. പിഎംആർവൈ പദ്ധതി പ്രകാരം അനുവദിച്ച തുകയ്‌ക്കു പുറമെ ലൈഫ്‌ ഫണ്ട്‌ കൂട്ടിച്ചേർത്ത്‌ വീടുകളും നിർമിക്കുന്നുണ്ട്‌.

ഇതുൾപ്പെടെയാണ്‌ ജില്ലയിൽ 22965 വീടുകൾ പൂർത്തിയായത്‌. ഭൂമിയില്ലാത്തവർക്ക്‌ വീട്‌ നൽകാൻ പലയിടങ്ങളിലായി ഫ്‌ളാറ്റ്‌ സമുച്ചയങ്ങൾ പണിയുന്നുണ്ട്‌. ഇതോടൊപ്പം മനസ്സോടിത്തിരി മണ്ണ്‌ എന്ന പദ്ധതിപ്രകാരം വ്യക്തികളും സ്ഥാപനങ്ങളും സൗജന്യമായി ഭൂമികൾ നൽകുന്നുണ്ട്‌. ഈ സ്ഥലം പ്രയോജനപ്പെടുത്തിയാണ്‌ ഭൂരഹിതർക്ക്‌ വീടുകൾ നിർമിച്ച്‌ നൽകുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!