കണ്ണൂർ റെയിൽവേ സ്റ്റേഷൻ റോഡ് വീതികൂട്ടലും പ്രതിസന്ധിയിലേക്ക്

കണ്ണൂർ : റെയിൽവേ ലാൻഡ് ഡവലപ്മെന്റ് അതോറിറ്റി(ആർഎൽഡിഎ) വഴിയുള്ള ഭൂമി കൈമാറ്റത്തെക്കുറിച്ചു കേൾക്കുമ്പോൾ കണ്ണൂരുകാർ ആശങ്കപ്പെടാൻ കാരണം മുൻപ് നടന്ന ദുരൂഹമായ ഭൂമി കൈമാറ്റമാണ്. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു സമീപം ഒരു ദശാബ്ദം മുൻപു നിർമിച്ച കെട്ടിട സമുച്ചയമാണു നഗരത്തിലെ റോഡ് വികസനത്തിനു തടസ്സമായത്. മതിയായ പാർക്കിങ് പോലും ഒരുക്കാതെ നിർമിച്ച ഈ കെട്ടിട സമുച്ചയത്തിലേക്കു വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും റെയിൽവേ സ്റ്റേഷൻ റോഡ് മുഴുവൻ കുരുക്കിലാവുന്ന സ്ഥിതിയാണ്.
പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ അടിപ്പാത മുതൽ മുനീശ്വരൻ കോവിലിനു മുൻവശം വരെയുള്ള ഭാഗവും റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിനോടു ചേർന്നുള്ള ഭാഗവും നിലവിൽ പുതിയ റെയിൽവേ ക്വാർട്ടേഴ്സ് നിർമാണം പൂർത്തിയാക്കിയ ഭൂമിയുമാണ് ഇത്തവണ പടിഞ്ഞാറു ഭാഗത്തു കൈമാറിയത്. റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം നിർമിച്ച ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ പൊളിച്ചു നീക്കി പകരം കിഴക്കേ കവാടത്തിലെ റിസർവേഷൻ കൗണ്ടറിനു മുൻവശത്ത് ക്വാർട്ടേഴ്സായി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഫ്ലാറ്റ് സമുച്ചയവും പാട്ടക്കരാർ ഏറ്റെടുത്ത ഏജൻസി നിർമിച്ചു നൽകും.
മുനീശ്വരൻ കോവിൽ മുതൽ റെയിൽവേ സ്റ്റേഷന്റെ പ്രധാന കെട്ടിടം വരെയുള്ള ഭാഗവും കിഴക്കേ കവാടത്തിലെ ചില ഭാഗങ്ങളും ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ കൈമാറാനാണ് ആർഎൽഡിഎ പദ്ധതിയിട്ടിരിക്കുന്നത്. മുനീശ്വരൻ കോവിൽ മുതൽ താവക്കരയിലെ പുതിയ ബസ് സ്റ്റാൻഡിനു സമീപം വരെയുള്ള ഭാഗത്തു നിലവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈ റോഡിനു സമാന്തരമായി വീതി കൂട്ടാൻ ലഭ്യമായ ഏക സ്ഥലം റെയിൽവേയുടേതു മാത്രമായിരുന്നു. റോഡ് വീതി കൂട്ടാതെ ഭൂമി പൂർണമായി വാണിജ്യ സമുച്ചയം നിർമിക്കാനായി ഉപയോഗപ്പെടുത്തിയാൽ ഭാവിയിൽ ഈ ഭാഗത്തു ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും.
കണ്ണൂരിൽ നിന്ന് കൂടുതൽ ട്രെയിനുകൾക്കു പുറപ്പെടലിനു വഴിയൊരുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന പദ്ധതിയായിരുന്നു നാലാം പ്ലാറ്റ്ഫോം. ഇതിനായി പി.കെ.ശ്രീമതി എംപി ആയിരുന്ന കാലഘട്ടത്തിൽ 6.45 കോടി രൂപ അനുവദിക്കുകയും പ്രവൃത്തി കരാർ നൽകുകയും ചെയ്തിരുന്നെങ്കിലും പണി തുടങ്ങിയിരുന്നില്ല. നാലാം പ്ലാറ്റ്ഫോം നിർമിക്കേണ്ട സ്ഥലത്തു നിലവിലുള്ള ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) പൈപ്പ് ലൈനുകൾ നീക്കാത്തതായിരുന്നു തടസ്സം.
ഏതെങ്കിലും ട്രെയിൻ അൽപം വൈകിയാൽ പിന്നാലെയെത്തുന്ന ട്രെയിൻ സിഗ്നൽ കാത്തു കിടക്കേണ്ട സ്ഥിതിയാണ്. പലപ്പോഴും ഇതു മറ്റു ട്രെയിനുകളുടെയും സമയക്രമം താളം തെറ്റിക്കുന്നുണ്ട്. ഇനിയിപ്പോൾ ബിപിസിഎൽ മാറിയാലും ഈ ഭാഗത്ത് പ്ലാറ്റ്ഫോമും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ കൂടുതൽ സ്ഥലം ലഭിക്കില്ല.