തീപിടിത്തം പതിവായി, വിശ്രമമില്ലാതെ പാഞ്ഞ് അഗ്നിരക്ഷാ സേന
പയ്യന്നൂർ: ചൂട് കനത്തതോടെ പയ്യന്നൂരും പരിസര പ്രദേശങ്ങളിലും തീപിടിത്തം പതിവാകുന്നു. അപകടം ഒഴിവാക്കാൻ വിശ്രമമില്ലാതെ പാഞ്ഞ് അഗ്നിരക്ഷാ സേന. ഇന്നലെ രാവിലെ 6.50 ന് നഗരസഭാ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ രണ്ടാമത് തീപിടിച്ച സംഭവം സെക്യൂരിറ്റി ജീവനക്കാരനാണ് അഗ്നിരക്ഷാ സേനയെ അറിയിച്ചത്.
ഉടൻ സ്ഥലത്തെത്തി തീ അണച്ചു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2.15 നാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ആദ്യം തീപിടിച്ചത്. അന്നേ ദിവസം രാവിലെ പിലാത്തറ സഹകരണ കോളജിനു സമീപം പടിക്കപ്പാറ മിച്ചഭൂമിയിലെ 20 ഏക്കർ സ്ഥലത്ത് തീപിടിച്ചിരുന്നു.
വൈകിട്ട് ഇതേ സ്ഥലത്ത് വീണ്ടും തീപിടിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പയ്യന്നൂർ അഗ്നിരക്ഷാ സേന തീ അണയ്ക്കാൻ ഓടിയത് നാല് തവണ. ഉണങ്ങിയ വൈക്കോലുകളും മറ്റും കൂടുതൽ വെയിൽ കൊള്ളുന്ന സ്ഥലങ്ങളിൽ കൂട്ടിയിടുന്നതും അശ്രദ്ധമായി പകൽ സമയങ്ങളിൽ തീ ഇടുന്നതും അപകടത്തിന് കാരണമാകുന്നു.
പലരും വയലുകളിൽ തീ ഇടുന്നത് പതിവാണ്. തീ അണയ്ക്കാനുള്ള മുൻകരുതൽ ഒരുക്കി രാവിലെയും വൈകിട്ടും മാത്രമേ പറമ്പുകളിലും മറ്റും തീ ഇടാവൂ എന്ന് അഗ്നിരക്ഷാ സേനാ സ്റ്റേഷൻ ഓഫിസർ ടി.കെ.സന്തോഷ് കുമാർ പറയുന്നു.
ചൂട് കൂടുന്നതോടെ ജലസ്രോതസ്സുകളിൽ വെള്ളം കുറയുന്നത് സേനയെ പ്രയാസത്തിലാക്കുന്നു. ജനസാന്ദ്രത കൂടിയതും ഒട്ടേറെ ആശുപത്രികളുള്ള പ്രദേശം കൂടിയാണ് പയ്യന്നൂർ. തീപിടിത്തത്തിലുണ്ടാകുന്ന പുക അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് ജനങ്ങൾക്കും രോഗികളും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു.
