ജയിൽവളപ്പിൽ നിറഞ്ഞ് കാബേജും കോളീഫ്ലവറും

കണ്ണൂർ: കോളിഫ്ലവർ–കാബേജ് കൃഷിയിൽ വിജയഗാഥ രചിച്ച് കണ്ണൂർ സെൻട്രൽ ജയിൽ അന്തേവാസികൾ. സെൻട്രൽ ജയിലിലെ ശീതകാല പച്ചക്കറി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോളിഫ്ലവറും – കാബേജും വിളയിച്ചെടുത്തത്. കരിമ്പം കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് ലഭ്യമായ തൈകൾ ജൈവരീതിയിലാണ് കൃഷിചെയ്തത്. 2018 മുതൽ ജയിലിൽ കോളിഫ്ലവറും കാബേജും ഉൽപ്പാദിക്കുന്നുണ്ട്.
ഒരേക്കറിൽ ജൈവരീതിയിൽ എല്ലാ പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. കാർഷികസമൃദ്ധിയിലേക്ക് ജയിലിനെ നയിക്കുകയാണ് ലക്ഷ്യമെന്ന് സൂപ്രണ്ട് ഡോ. വിജയൻ പറഞ്ഞു. ആവശ്യമായ വെള്ളമില്ലാത്തത് പരിമിതിയാണ്. കാർഷികമേഖലയിൽ അനുഭവസമ്പത്തുള്ള നിരവധി അന്തേവാസികൾ ജയിലിലുണ്ട്. നിലം തരിശിടാതെ കൃഷിചെയ്യാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്.
പച്ചക്കറികൾ ഇവിടെതന്നെയാണ് ഉപയോഗിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു. കോളിഫ്ലവർ -, കാബേജ് വിളവെടുപ്പ് സൂപ്രണ്ട് നിർവഹിച്ചു. ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് നരേന്ദ്രൻ, അസി. സൂപ്രണ്ടുമാരായ അജിത്ത് കൊയിലേരിയൻ, വി കെ രാജീവൻ, ഡിപിഒ റിനേഷ്, സി പി സുശാന്ത് എന്നിവർ സംസാരിച്ചു.