തിരുവനന്തപുരം: ലഹരിമാഫിയയെക്കുറിച്ച് രഹസ്യവിവരം നല്‍കിയ പെണ്‍കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി മര്‍ദിച്ചതായി പരാതി. വെഞ്ഞാറമൂട്ടിലെ പ്ലസ്ടു വിദ്യാര്‍ഥിനിയ്ക്കും അമ്മയ്ക്കും നേരേയാണ് ലഹരിമാഫിയയുടെ ആക്രമണമുണ്ടായത്. ഇനിയും ആക്രമണമുണ്ടാകുമെന്ന ഭയം കാരണം പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആരോപണമുണ്ട്.
സ്‌കൂളില്‍ എക്‌സൈസ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിന് പിന്നാലെയാണ് വീടിന് സമീപത്ത് ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് പെണ്‍കുട്ടി പോലീസില്‍ രഹസ്യവിവരം നല്‍കിയത്. തുടര്‍ന്ന് പോലീസും എക്‌സൈസും സ്ഥലത്ത് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ രഹസ്യവിവരം നല്‍കിയത് പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞ ലഹരിമാഫിയസംഘം കുട്ടിയെയും അമ്മയെയും വീട്ടില്‍ക്കയറി മര്‍ദിച്ചെന്നാണ് പരാതി.
മുരുകന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായത്. കമ്പ് കൊണ്ടുള്ള മര്‍ദനമേറ്റ് പെണ്‍കുട്ടിയുടെ ചെവിയ്ക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പരിക്കേറ്റിരുന്നു. അമ്മയ്ക്ക് കൈക്ക് അടക്കം പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കുട്ടിയെ ആക്രമിച്ചതിന് കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. വേണമെങ്കില്‍ ആക്രമണത്തിനിടെ മാല നഷ്ടപ്പെട്ടതിന് കേസെടുക്കാമെന്നാണ് ഒരു പോലീസുകാരന്‍ പറഞ്ഞതെന്നും തങ്ങള്‍ നല്‍കിയ മൊഴിയല്ല പോലീസ് രേഖപ്പെടുത്തിയതെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥിനി പറയുന്നത് ഇങ്ങനെ:
‘സ്‌കൂളില്‍ ബോധവത്കരണ ക്ലാസ് നടന്നിരുന്നു. വീടിന് അടുത്ത് ലഹരിമരുന്ന് ഉപയോഗമുണ്ടെങ്കില്‍ അടുത്ത പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും ക്ലാസില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് വിവരം അറിയിച്ചത്. ലഹരിഉപയോഗിച്ചിരുന്ന ഒരാളുടെ ഭാര്യ ഇക്കാര്യം അറിഞ്ഞു. ഈ വിവരം ഭാര്യ അയോളോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ലഹരി ഉപയോഗിച്ചും മദ്യപിച്ചും എന്റെ വീടിന് മുന്നിലെത്തി ചീത്തവിളിച്ചു. അസഭ്യം പറയരുതെന്ന് പറഞ്ഞ അമ്മയെ ഉപദ്രവിച്ചു. പിന്നീട് എന്നെയും ആക്രമിച്ചു. ഒരുപാട് മര്‍ദിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പോയി. പിന്നീട് നേരിട്ട് സ്റ്റേഷനിലെത്തി പരാതി നല്‍കി. എന്നാല്‍ കുട്ടികളെ ആക്രമിച്ചാല്‍ കേസില്ല, മാല നഷ്ടപ്പെട്ടെന്ന് പറഞ്ഞ് കേസെടുക്കാം എന്നാണ് ബിനീഷ് എന്ന പോലീസുകാരന്‍ പറഞ്ഞത്. അടിയേറ്റ് ചെവിയിലും മുതുകത്തും പരിക്കേറ്റിട്ടുണ്ട്.
ഞങ്ങളുടെ വീട് നില്‍ക്കുന്നതും വഴിയുമെല്ലാം കാട് മൂടിയ സ്ഥലത്താണ്. സ്‌കൂളില്‍ പോയിവരുമ്പോള്‍ ആറുമണിയാകും. അവര്‍ ആക്രമിക്കുമെന്ന് ഭയന്ന് സ്‌കൂളില്‍ പോകാറില്ല. സ്‌കൂളില്‍ പോകാത്തതിനാല്‍ ടീച്ചര്‍ വിളിച്ചുതിരക്കി. കാര്യം പറഞ്ഞപ്പോള്‍ ടീച്ചര്‍ സ്‌കൂളിലേക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെനിന്ന് ടീച്ചറും പി.ടി.എ പ്രസിഡന്റും ഇടപെട്ടാണ് വക്കീലിനെ ഏര്‍പ്പാടാക്കി നല്‍കിയത്.’- പെണ്‍കുട്ടി പറഞ്ഞു.
വെഞ്ഞാറമൂട്, പോത്തന്‍കോട്, വെമ്പായം തുടങ്ങിയ മേഖലകളില്‍ ലഹരി-ഗുണ്ടാ മാഫിയകളുടെ സാന്നിധ്യം ശക്തമാണ്. ജീവനില്‍ ഭയമുള്ളതിനാല്‍ ഇവര്‍ക്കെതിരേ ആരും പരാതി നല്‍കുകയോ പ്രതികരിക്കാറോ ഇല്ല. ഇതിനിടെയാണ് എക്‌സൈസിന്റെ ബോധവത്കരണ ക്ലാസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുപെണ്‍കുട്ടി ലഹരി ഉപയോഗത്തെക്കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയത്. എന്നാല്‍ രഹസ്യവിവരം നല്‍കിയതിന് പെണ്‍കുട്ടിക്ക് മര്‍ദനമേല്‍ക്കുകയും പഠനം പോലും മുടങ്ങുകയും ചെയ്തസ്ഥിതിയാണ് നിലവിലുള്ളത്.