Breaking News
കള്ളന്മാർ കറങ്ങിനടപ്പുണ്ട്, കരുതൽ വേണം

കണ്ണൂർ: വീട് കുത്തിത്തുറന്നും വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കവർച്ച സംഘങ്ങൾ വിലസുന്നു. പുതുവർഷത്തിൽ ചെറുതും വലുതുമായ അമ്പതോളം മോഷണങ്ങളാണ് ജില്ലയിൽ നടന്നത്. കൃത്യമായ ആസൂത്രണവും ഹൈടെക് മാർഗങ്ങളും ഉപയോഗിച്ചാണ് മോഷണങ്ങൾ. വീട്ടിലെ അംഗങ്ങളുടെ എണ്ണവും സ്ത്രീകൾ തനിച്ചുതാമസിക്കുന്നത് സംബന്ധിച്ചുമെല്ലാം മോഷ്ടാക്കൾക്ക് കൃത്യമായ വിവരമുണ്ട്.
പകൽ, സാധനം വിൽപനയുടെയും ഭിക്ഷാടനത്തിന്റെയും മറവിലെത്തി കാര്യങ്ങൾ മനസ്സിലാക്കി രാത്രി മോഷണത്തിനെത്തുന്ന സംഭവങ്ങളും ഏറെയാണ്. തിങ്കളാഴ്ച രാവിലെ കണ്ണൂർ പള്ളിക്കുന്നിൽ വീട്ടുകാർ പുറത്തുപോയ സമയം നോക്കിയാണ് അഞ്ച് പവൻ സ്വർണവും 10,000 രൂപയും കവർന്നത്.
വീട്ടുടമ അനിതയും മകളും ബന്ധുവീട്ടിൽ പോയത് ഉറപ്പാക്കിയാണ് ജനൽ തകർത്ത് വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന ബാഗിൽനിന്നും താക്കോൽ കൈക്കലാക്കി മോഷണം നടത്തിയത്. കണ്ണൂരിൽ ജോലിചെയ്യുന്ന മകൾ ആതിര ഉപയോഗിക്കുന്ന ബാഗിൽ വീടിന്റെ താക്കോൽ സൂക്ഷിച്ചിരുന്നു. ഇതുപയോഗിച്ചാണ് മോഷ്ടാവ് പ്രധാന വാതിൽ തുറന്ന് അകത്തു കയറിയത്. സമീപത്തെ വീടുകളിലും മോഷണം ശ്രമം നടന്നതായി വിവരമുണ്ട്. മറ്റൊരു വീടിന്റെ ജനലും സമാനമായ രീതിയിൽ തകർത്തിട്ടുണ്ട്.
ഒരേദിവസം തന്നെ സമീപത്തെ ഒന്നിലധികം വീടുകൾ കവർച്ചസംഘം ഉന്നം വെക്കുന്നത് പതിവായിട്ടുണ്ട്. രണ്ടുമാസം മുമ്പ് ഇരിങ്ങലിലും കുപ്പം മുക്കുന്നിലും പൂട്ടിയിട്ട വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയിരുന്നു. വാഹനത്തിലെത്തിയ പ്രഫഷനൽ കവർച്ചസംഘമാണ് ഇതിനുപിന്നിലെന്ന് സൂചനയുണ്ടായിരുന്നു.
ഉത്തരമലബാറിലെ ദേവി ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ മാടായിക്കാവിൽ കവർച്ച ശ്രമം നടന്നത് രണ്ടുദിവസം മുമ്പാണ്. ക്ഷേത്രത്തിലെ അടിച്ചുതളിക്കായി എത്തിയ ജീവനക്കാരനാണ് നട തുറന്നനിലയിൽ കണ്ടത്. പ്രധാന ശ്രീകോവിനോട് ചേർന്ന ക്ഷേത്രപാലകന്റെ വിഗ്രഹത്തിൽ ചാർത്തിയ വെള്ളിമാല കവരുകയും നടയിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തുകയും ചെയ്തു. മാഹി സെൻറ് തെരേസ ദേവാലയത്തിൽ കുർബാനക്ക് ഉപയോഗിക്കുന്ന ചെറിയ കുരിശ്, കാസ, പിലാസ എന്നിവ മോഷണം പോയത് കഴിഞ്ഞ ദിവസമാണ്.
പകൽ ഓട്ടോ ഓടിച്ച് ഓട്ടത്തിനിടയില്‍ വീടുകള്‍ കണ്ടെത്തി രാത്രി ബൈക്കില്‍ മോഷണത്തിനെത്തുന്ന സംഘത്തെ ചൊക്ലി പൊലീസ് പിടികൂടിയത് കഴിഞ്ഞ മാസമാണ്. ചൊക്ലി മേഖലയിലെ ഒരു വീടിന്റെ കാര്‍പോര്‍ച്ചില്‍ ഇവര്‍ പതുങ്ങിനില്ക്കുന്നത് പൊലീസ് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഇവരില്‍നിന്ന് കൈയുറ, കമ്പിപ്പാരകള്‍, സ്ക്രൂഡ്രൈവര്‍, ടോര്‍ച്ച്, ബ്ലേഡ് എന്നിവ കണ്ടെടുത്തു. വളപ്പട്ടണം, മട്ടന്നൂര്‍, കണ്ണൂര്‍, ചക്കരക്കല്ല്, എടക്കാട് എന്നീ സ്റ്റേഷനുകളില്‍ ഇവരുടെ പേരിൽ മോഷണക്കേസുകളുണ്ട്. തളാപ്പിൽ ചൈതന്യ ക്ലിനിക്കിൽനിന്ന് അരലക്ഷം രൂപ മോഷ്ടിച്ചത് കഴിഞ്ഞ നവബറിൽ. ബാങ്ക് അവധിയായതിനാൽ മൂന്നുദിവസത്തെ വരുമാനം ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് മോഷണം. 60ഓളം മോഷണ കേസുകളിൽ പ്രതിയായ തീപ്പൊരി പ്രസാദിനെയാണ് സംഭവത്തിൽ പൊലീസ് പൊക്കിയത്.
പതിയാത്ത കാമറകൾ
പണ്ടത്തെ പോലെ നിരീക്ഷണ കാമറകളിലൊന്നും മോഷ്ടാക്കളുടെ ചിത്രങ്ങൾ പതിയുന്നില്ല. പൊലീസ് പരിശോധിക്കുന്ന ദൃശ്യങ്ങളിൽ പലതിലും മുഖവും കാമറയും മറച്ച നിലയിലാണ്. തലശ്ശേരിയിലും കണ്ണൂരിലും അടക്കം നിരീക്ഷണ കാമറയുടെ മുന്നിലൂടെ മോഷ്ടാക്കൾ കൂളായി നടക്കുന്ന ദൃശ്യങ്ങൾ ഈയിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മാടായിക്കാവിൽ കഴിഞ്ഞ ദിവസം മോഷണം നടന്നപ്പോൾ ക്ഷേത്രത്തിലെ നിരീക്ഷണ കാമറകളിലൊന്നും മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായിരുന്നില്ല. മോഷണം തടയാനും നഗരത്തിലെ ക്രമസമാധാനം ഉറപ്പാക്കാനും പൊലീസ് സ്ഥാപിച്ച സി.സി.ടി.വി അടിച്ചുമാറ്റിയ കള്ളനും കണ്ണൂരുണ്ട്. പഴയ ബസ് സ്റ്റാൻഡിനടുത്ത റോഡിൽ സ്ഥാപിച്ച രഹസ്യകാമറയുടെ എക്സ്റ്റൻഷൻ ബോക്സാണ് മൂന്നുമാസം മുമ്പ് കവർന്നത്.
കപ്പലിലെ കള്ളനും ഹൈടെക് മോഷ്ടാവും
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷ ഒരുക്കുമ്പോൾ കള്ളൻമാരും ഹൈടെക് ആണ്. ഗൂഗ്ൾമാപ്പ് നോക്കിയും ശബ്ദം കേൾപ്പിക്കാതെ ഗ്യാസ് കട്ടർ ഉപയോഗിച്ച് അലമാര തകർത്തും മോഷണങ്ങൾ വേറെ ലെവലാണ്.
ഗൂഗ്ൾമാപ്പ് നോക്കി കൂടുതൽ വീടുള്ള പ്രദേശങ്ങൾ കണ്ടെത്തി മോഷണം നടത്തുന്ന അന്തർസംസ്ഥാന സംഘം കണ്ണൂരിൽ അറസ്റ്റിലായത് ഒന്നരമാസം മുമ്പാണ്. ന്യൂഡൽഹി ഗുരുനാനാക്ക് മാർക്കറ്റിലെ മഹേന്ദ്ര (50), ഉത്തർപ്രദേശ് സ്വദേശികളായ അക്ബർപൂർ രവീന്ദ്രപാൽ ഗൗതം (28), സംബാൽ ജന്നത്ത് ഇന്റർ കോളജിന് സമീപം റംബറോസ് (26) എന്നിവരെയാണ് ടൗൺ പൊലീസ് പിടികൂടിയത്.
പയ്യാമ്പലത്ത് അശോകന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലാണ് അറസ്റ്റ്. കേരളത്തിലെത്തി ഗൂഗ്ൾ മാപ്പ് ഉപയോഗിച്ച് കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ ശേഖരിച്ച് മോഷണം നടത്തി മടങ്ങുകയാണ് പതിവ്. പ്രതികൾ യു.പി, ഡൽഹി എന്നിവിടങ്ങളിൽ അഞ്ച് മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചവരുമാണ്.
മോഷണം നടത്തേണ്ട വീടും കടകളും ഗൂഗ്ൾ മാപ്പിലൂടെ കണ്ടെത്തും. സമീപത്ത് പൊലീസ് സ്റ്റേഷൻ, ആളുകൾ കൂടുന്നയിടങ്ങൾ എന്നിവയില്ലെന്ന് ഉറപ്പാക്കും.
രക്ഷപ്പെടേണ്ട വഴികൾ, റെയിൽവേ ഗേറ്റ്, ഗതാഗതക്കുരുക്ക് എന്നിവയെല്ലാം ഗൂഗ്ൾ മാപ്പിൽ തിരയും. മോഷണം കഴിഞ്ഞ് സുരക്ഷിതമായി മടങ്ങാൻ ഹൈടെക് ആസൂത്രണം കണ്ട് പൊലീസുപോലും ഞെട്ടി.
കണ്ണൂർ നഗരഹൃദയത്തിൽ പൂട്ടിയിട്ട വീടു കുത്തിത്തുറന്ന് 13 പവൻ സ്വർണവും 15,000 രൂപയും കവർന്നിട്ട് മാസം ഒന്നായില്ല.
താണ ദിനേശ് ഓഡിറ്റോറിയത്തിന് സമീപമുള്ള പുഷ്ലതയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടുപൂട്ടി പുറത്തുപോയി മടങ്ങി എത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്.
വീടിനകം പരിശോധിച്ചപ്പോൾ അലമാര ഗ്യാസ് കട്ടർ ഉപയോഗിച്ചു തുറന്ന നിലയിലായിരുന്നു. സംഭവത്തിൽ കള്ളൻ കപ്പലിൽ തന്നെയായിരുന്നു. പരാതിക്കാരിയുടെ അടുത്ത ബന്ധുവായ പ്രതി സിദ്ധാർഥിനെ 24 മണിക്കൂറിനകം പിടികൂടിയത് പൊലീസിന് നേട്ടമായി.
സ്വന്തം വീട്ടിലെ മോഷണം സംശയിക്കാതിരിക്കാൻ പ്രഫഷനൽ കള്ളൻമാരെപോലെ വീടിന്റെ ഗ്രില്ലും കുത്തിത്തുറക്കുകയും അലമാര ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് തകർക്കുകയുമായിരുന്നു. ഇയാൾക്ക് പാലക്കാടും കോട്ടയവും അടക്കം വിവിധയിടങ്ങളിൽ മോഷണ കേസുകൾ നിലവിലുണ്ട്.
ചോര വീണു…
വീട്ടുകാരെ അക്രമിച്ച് ആഭരണങ്ങൾ കവരുന്ന സംഭവങ്ങളും വർധിക്കുകയാണ്. ഇത്തരം കവർച്ചക്ക് പിന്നിൽ പലപ്പോഴും ഇതരസംസ്ഥാന മോഷ്ടാക്കളാണെന്നാണ് കണ്ടെത്തൽ. സ്വർണാഭരണങ്ങളും മൊബൈൽ ഫോണുമാണ് ഇവർ ഉന്നം വെക്കുന്നത്. 2021 സെപ്റ്റംബറിൽ പ്രഭാത സമസ്കാരത്തിന് അംഗശുദ്ധി വരുത്താൻ പുറത്തിറങ്ങിയ വാരം എളയാവൂരിലെ കെ.പി. ആയിഷക്ക് മോഷ്ടാവിന്റെ അക്രമത്തിൽ ജീവൻ തന്നെ നഷ്ടമായി. പൈപ്പ് ലൈൻ അടച്ചശേഷം ആയിഷ പുറത്തിറങ്ങുന്നത് കാത്തിരുന്ന പ്രതി അവരുടെ ചെവി മുറിച്ചെടുത്താണ് സ്വര്‍ണക്കമ്മലുകള്‍ കവർന്നത്.
അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവേയാണ് ആയിഷ മരിച്ചത്. സംഭവത്തിൽ അസം സ്വദേശിയാണ് പിടിയിലായത്. വെള്ളമെടുക്കാനും അലക്കിയ വസ്ത്രങ്ങളെടുക്കാനും രാത്രി പുറത്തിറങ്ങുന്ന വീട്ടമ്മാരുടെ ആഭരണങ്ങൾ പിടിച്ചുപറിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്ന സ്ഥിരം സംഘങ്ങൾ വരെ കണ്ണൂരിലുണ്ട്.
2018ൽ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും വീട്ടില്‍ അതിക്രമിച്ചുകയറി കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചതിനു ശേഷം അലമാര തകര്‍ത്ത് പണവും 25 പവനും മൂന്ന് മൊബൈല്‍ ഫോണും കവര്‍ന്നത് ബംഗ്ലാദേശ് സ്വദേശികളായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തും ആളൊഴിഞ്ഞ വഴികളിലും കാത്തിരുന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങളും പണവും ഫോണും കവരുന്ന സംഭവങ്ങളും ഏറെയാണ്.റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നിരവധി കവർച്ച സംഘങ്ങളുണ്ട്.
പഴുതുകളടക്കാം ജാഗ്രതയോടെ
അടച്ചിട്ട വീടുകളിലാണ് മിക്ക മോഷണവും നടക്കുന്നത്. കുറച്ചു ദിവസത്തേക്കു വീടുപൂട്ടി പോകുമ്പോൾ സമീപ പൊലീസ് സ്റ്റേഷനിലും വിശ്വസ്തരായ അയൽക്കാരെയും അറിയിക്കാം.അപരിചിതർ ചുറ്റിത്തിരിയുന്നതു കണ്ടാൽ പൊലീസിൽ അറിയിക്കണം.
പത്രങ്ങളും മറ്റും മുറ്റത്ത് കൂടിക്കിടക്കുന്നതു വീട്ടിൽ ആരുമില്ലെന്ന സൂചന നൽകുന്നതിനാൽ ഈ സാഹചര്യം ഒഴിവാക്കുക. കമ്പിപ്പാര, ഏണി, മഴു തുടങ്ങിയവ ആയുധങ്ങളും ഉപകരണങ്ങളും വീടിന് സമീപം ഇടാതിരിക്കുക. ഇത് മോഷ്ടാക്കളുടെ പണി എഴുപ്പത്തിലാക്കും. സി.സി.ടി.വിയും സുരക്ഷ അലാറവും സജ്ജീകരിക്കുന്നത് നന്നാവും.
പള്ളിക്കുന്നിൽ മോഷണം; അഞ്ച് പവൻ കവർന്നു
കണ്ണൂർ: പള്ളിക്കുന്നിൽ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണവും 10,000 രൂപയും കവർന്നു. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം സൗപർണികയിൽ അനിതയുടെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചയോടെ കവർച്ച നടന്നത്. താമസക്കാരായ അനിതയും മകൾ ആതിരയും കുഞ്ഞും ഞായറാഴ്ച വൈകിട്ട് കൊറ്റാളിയിലെ ബന്ധുവീട്ടിൽ പോയിരുന്നു. പുലർച്ചെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ട അടുത്ത വീട്ടിലെ ബന്ധു അനിതയെ വിവരം അറിയിക്കുകയായിരുന്നു.
ജനൽ ഗ്ലാസ് തകർത്ത് സോഫയിലുണ്ടായിരുന്ന ആതിരയുടെ ബാഗിൽനിന്ന് താക്കോൽ എടുത്താണ് വീട് തുറന്നത്. മുകൾ നിലയിലെ അടക്കം മുറികളിലെ അലമാരകൾ വാരി വലിച്ചിട്ട നിലയിലാണ്. അടുക്കള വാതിലും തുറന്നിട്ട നിലയിൽ. കമ്മൽ, മോതിരങ്ങൾ എന്നിവയാണ് മോഷണം പോയത്. സമീപത്തെ രമേശന്റെ വീട്ടിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. ഇവിടെയും ജനൽ തകർത്ത നിലയിലാണ്. ടൗൺ പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Breaking News
പി.സി ജോർജ് ജയിലിലേക്ക്


കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്