കല്ലുകയറ്റിവന്ന ലോറി കാറിനു മേലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: മീയന്നൂരില്‍ കല്ല് കയറ്റിവന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു. ലോറിയിലെയും കാറിലെയും യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാറില്‍ രണ്ട് യാത്രക്കാരും ലോറിയില്‍ ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും പരിക്കില്ല. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാവിലെ 11.30-ന് മീയന്നൂർ കവലയില്‍ വെച്ചാണ് സംഭവം. സമീപ റോഡില്‍നിന്ന് കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ എതിരെ അമിത വേഗത്തില്‍ വരികയായിരുന്ന ലോറി വെട്ടിച്ചുമാറ്റാന്‍ ശ്രമിച്ചു.
ഇതോടെ നിയന്ത്രണംവിട്ട ലോറി കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. നിറയെ കല്ലുകളുമായി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ആദ്യം രണ്ട് ലോറികള്‍ അമിത വേഗത്തില്‍ പോകുന്നത് ദൃശ്യങ്ങളില്‍നിന്ന് കാണാം. ഇതിനു പിന്നാലെ വന്ന ലോറി കാറില്‍ ഇടിക്കാതെ വെട്ടിച്ചുമാറ്റാന്‍ ശ്രമിച്ചതോടെയാണ് മറിഞ്ഞത്.
കല്ലുകളുമായി ലോറികള്‍ അമിതവേഗത്തില്‍ പോകുന്നതിനെതിരേ നാട്ടുകാർ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു.