വീടിന് തീവെച്ചു; വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂർ : പഴയ ബസ് സ്റ്റാൻഡ് സമീപം പാറക്കണ്ടിയിൽ തനിച്ചു താമസിക്കുന്ന ശുചീകരണ തൊഴിലാളി കൊയ്യാക്കണ്ടി ശ്യാമളയുടെ വീടിന് അജ്ഞാതൻ തീയിട്ടു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാലാണ് പൊള്ളലേൽക്കാതെ രക്ഷപ്പെട്ടതെന്ന് ശ്യാമള പറഞ്ഞു.
ആരെയും സംശയമില്ലെന്നും തനിക്ക് ആരോയും വിരോധമില്ലെന്നും അവർ വ്യക്തമാക്കി.വീട് പൂർണമായും കത്തിനശിച്ച നിലയിലാണ്. സമീപ വാസികൾ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും അസി. സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തി തീയണക്കുകയായിരുന്നു.
ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച്ചയും വീടിന് തീയിട്ടുരുന്നു. ശ്യാമളയെ ആസ്പത്രിയിലേക്ക് മാറ്റി.സമീപത്തുള്ള സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ വീടിന് സമീപത്തേക്ക് ഒരാൾ ചൂട്ടുമായി വരുന്നദൃശ്യം പൊലിസിന് ലഭിച്ചിട്ടുണ്ട്.
വ്യക്തിപരമായ വൈരാഗ്യമാണോ തീവയ്പ്പിനു പിന്നിലെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കണ്ണൂർ ടൗൺ സി.ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ശ്യാമളക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.