നീറ്റ് പി.ജി.: കേരളത്തിൽ പരീക്ഷാകേന്ദ്രം അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: മെഡിക്കൽ പി.ജി. പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്ക് (നീറ്റ് പി.ജി.) കേരളത്തിൽ പരീക്ഷാകേന്ദ്രം അനുവദിക്കുന്നില്ലെന്ന് വിദ്യാർഥികൾ. ജനുവരി ഏഴിനാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്.
ആദ്യം അപേക്ഷിച്ച വിദ്യാർഥികൾക്ക് കേരളത്തിലെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രം ലഭിച്ചിരുന്നെങ്കിലും പിന്നീട് അപേക്ഷിക്കുന്നവർക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽപോലും പരീക്ഷാകേന്ദ്രം ലഭിക്കുന്നില്ല. 27 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
മാർച്ച് 31-നകം ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന എം.ബി.ബി.എസുകാർക്കാണ് അപേക്ഷിക്കാൻ ആദ്യം അവസരം നൽകിയിരുന്നത്. ഇന്റേൺഷിപ്പ് പൂർത്തിയാക്കാനുള്ള സമയം പിന്നീട് ജൂൺവരെ നീട്ടിയതോടെ കൂടുതൽ അപേക്ഷകരെത്തുകയുംചെയ്തു. തീയതി നീട്ടിയതിനെത്തുടർന്ന് അവസരം ലഭിച്ച ഒട്ടുമിക്ക വിദ്യാർഥികൾക്കും കേരളത്തിനു പുറത്താണ് പരീക്ഷാകേന്ദ്രം ലഭിച്ചത്.
മാർച്ച് അഞ്ചിനാണ് പരീക്ഷ. അതിനുമുന്നോടിയായി ഇന്റേൺഷിപ്പ് പൂർത്തിയാക്കാത്തവർക്ക് പരീക്ഷയ്ക്കായി അവധി ലഭിക്കുന്നതും ബുദ്ധിമുട്ടാകുമെന്ന് വിദ്യാർഥികൾ പറയുന്നു.