ലഹരി സംഘത്തിന് പിന്നില്‍ മിന്നല്‍ പോലെ; എക്‌സൈസിന് 2.13 കോടി ചെലവില്‍ 23 പുതിയ വാഹനങ്ങള്‍

Share our post

കാലപ്പഴക്കത്താല്‍ കിതച്ചോടുന്ന വാഹനങ്ങള്‍ക്ക് പകരമായി എക്‌സൈസ് വകുപ്പ് 23 വാഹനങ്ങള്‍ വാങ്ങുന്നു. ലഹരിക്കടത്ത് പരിശോധന ശക്തമാക്കാന്‍ 23 മഹീന്ദ്ര നിയോ വാഹനങ്ങളാണ് വാങ്ങുന്നത്. ഇതിനായി വകുപ്പിന്റെ നവീകരണം (പ്ലാന്‍) ബജറ്റ് ഫണ്ടില്‍നിന്ന് 2.13 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഒമ്പതുലക്ഷത്തോളം രൂപയാണ് ഓരോ വാഹനത്തിനും ചെലവഴിക്കുക. ഫെബ്രുവരിയോടെ വാഹനം നിരത്തിലിറങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. ആകെ 362 നാലുചക്ര വാഹനങ്ങളാണ് നിലവില്‍ എക്‌സൈസ് വകുപ്പിനുള്ളത്. ഇവയില്‍ 132 വാഹനങ്ങള്‍ കാലപ്പഴക്കം വന്നവയാണ്.

എക്‌സൈസ് വകുപ്പിന്റെ റേഞ്ച്, സര്‍ക്കിള്‍, സ്‌ക്വാഡ് എന്നിവയുടെ 132 ജീപ്പുകളില്‍ പലതും 10 മുതല്‍ 14 വര്‍ഷംവരെ ഓടിക്കഴിഞ്ഞു. ഭൂരിഭാഗം വണ്ടികളും മൂന്നരലക്ഷം എന്ന കിലോമീറ്റര്‍ പരിധിയും പിന്നിട്ടു. ഇവയ്‌ക്കെല്ലാം ഇടക്കിടെ അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്നത് വകുപ്പിന് അധിക സാമ്പത്തികച്ചെലവുമുണ്ടാക്കുന്നുണ്ട്.

സിനിമാസ്‌റ്റൈല്‍ വേഗത്തില്‍ ലഹരിസംഘങ്ങള്‍ കടന്നുപോകുമ്പോഴും, പിറകെയെത്താനാവാതെ പരിശോധനക്കിറങ്ങുന്ന എക്‌സൈസ് ഉദ്യോഗസ്ഥരും കഷ്ടപ്പെടുന്നുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തിപങ്കിടുന്ന തിരുവനന്തപുരത്ത് 24 മണിക്കൂറും പട്രോളിങ് നടത്താന്‍ നാല് വാഹനങ്ങള്‍ അനുവദിച്ചു. 36 ലക്ഷം രൂപ ഉപയോഗിച്ച് നാല് മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാനാണ് അനുമതിയായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!