പോലീസ് – ഗുണ്ടാ ബന്ധത്തിന് കടിഞ്ഞാണിടുന്നു; രണ്ട് ഡി.വൈ.എസ്.പി മാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: പോലീസ് – ഗുണ്ടാ ബന്ധത്തില്‍ നടപടി കടുപ്പിച്ച് ആഭ്യന്തരവകുപ്പ്. തിരുവനന്തപുരത്തെ രണ്ട് ഡി.വൈ.എസ്.പിമാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. നിയമവിരുദ്ധ നീക്കം നടത്തിയ ഉദ്യോഗസ്ഥരുടെ പട്ടിക പോലീസ് ആസ്ഥാനത്ത് തയ്യാറാക്കുന്നതിനിടെയാണ് നീക്കം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലസ്ഥാന നഗരിയില്‍ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം ശക്തമാണ്. ഗുണ്ടാ ആക്രമണങ്ങളും വര്‍ധിച്ചിരുന്നു.ഇതിനിടെയാണ് പോലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധവും മറനീക്കി പുറത്തുവന്നത്.
ആറു മാസങ്ങള്‍ക്ക് മുമ്പുതന്നെ സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സും പോലീസ് – ഗുണ്ടാ ബന്ധങ്ങളെക്കുറിച്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതു സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമായത്.
ഗുണ്ടകള്‍ക്കെതിരെ പോലീസ് നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനിടെ നീക്കങ്ങള്‍ പലതും ചോര്‍ന്ന് ഗുണ്ടകള്‍ക്ക് ലഭിക്കുന്നുവെന്ന ആരോപണം ശക്തമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് നേരത്തെ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാനത്തെ രണ്ട് ഡി.വൈ.എസ്.പിമാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ട – റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. ഗുണ്ട ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുത്തിരുന്നു. നാല് സി.ഐമാരും ഒരു എസ്.ഐയ്ക്കുമെതിരേയാണ് നടപടി സ്വീകരിച്ചത്.