പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 27 പേർ ചികിത്സയില്‍; ഹോട്ടല്‍ അടപ്പിച്ചു

Share our post

കൊച്ചി: പറവൂരിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 27 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സതേടി. നോര്‍ത്ത് പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്നാണ് വിവരം. ഹോട്ടല്‍ നഗരസഭ അന്വേഷണ വിധേയമായി അടപ്പിച്ചിട്ടുണ്ട്.

ഭക്ഷ്യവിഷബാധയേറ്റവരില്‍ ഒന്‍പത് പേര്‍ കുന്നുകര എം.ഇ.എസ്. കോളേജ് വിദ്യാര്‍ഥികളാണ്. ഛര്‍ദ്ദിയും വയറുവേദനയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളോടെ ഇവരെ പറവൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് മജ്‌ലിസ് ഹോട്ടലില്‍നിന്ന് കുഴിമന്തി ഉള്‍പ്പെടെയുള്ളവ കഴിച്ചിരുന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആസ്പത്രി അധികൃതര്‍ ഇക്കാര്യം നഗരസഭയെ അറിയിക്കുകയായിരുന്നു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍.ബിനോയിയുടെ നേതൃത്വത്തില്‍ നഗരസഭ ആരോഗ്യ വിഭാഗമാണ് ഹോട്ടല്‍ അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ ഹോട്ടലിലേക്ക് പോയിട്ടുണ്ടെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എ.പ്രഭാവതി പറഞ്ഞു.

ആസ്പത്രിയില്‍നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് ഹോട്ടല്‍ അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ നടപടികള്‍ എടുക്കാനാകൂ. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

ഇതുവരെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച 27 പേര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങി. കടുത്ത വയറുവേദന ഉള്‍പ്പെടെ അനുഭവപ്പെട്ട ഏതാനും പേരെ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!