പൊരിവെയിലത്ത് പണി; ശമ്പളം കിട്ടാതെ ഹോംഗാർഡുമാർ

ശ്രീകണ്ഠപുരം: നടുറോഡിലിറങ്ങി പൊരിവെയിലത്തടക്കം ഗതാഗതം നിയന്ത്രിക്കുന്ന ജില്ലയിലെ ഹോം ഗാർഡുമാർക്ക് ഇതുവരെ ഡിസംബറിലെ ശമ്പളം കിട്ടിയില്ല. സംസ്ഥാനത്തെ മറ്റു ജില്ലകളിലെല്ലാം ഹോം ഗാർഡുമാർക്ക് ജനുവരി ആദ്യം തന്നെ ഡിസംബറിലെ ശമ്പളം ലഭിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ ജോലി ചെയ്യുന്ന 200 ഹോം ഗാർഡുമാർക്കാണ് ശമ്പളം വൈകിയത്.
ജില്ല അഗ്നി രക്ഷ നിലയം അധികൃതരുടെ കെടുകാര്യസ്ഥതയാണ് ഇവിടെ മാത്രം ശമ്പളം മുടങ്ങാൻ കാരണമായതെന്നാണ് വിവരം. തിരുവനന്തപുരത്തുനിന്ന് എല്ലാ ജില്ലകളിലും നൽകേണ്ട ശമ്പള തുക ഈ മാസം ആദ്യമേ തന്നെ ലഭ്യമാക്കിയിരുന്നുവെങ്കിലും കണ്ണൂരിൽ മാത്രം ശമ്പളം നൽകാതിരിക്കുകയാണുണ്ടായത്. അഗ്നി രക്ഷാ നിലയങ്ങൾക്ക് കീഴിലും പൊലീസിനു കീഴിലുമാണ് ജില്ലയിൽ ഹോം ഗാർഡുമാർ ജോലി ചെയ്യുന്നത്.
ഗതാഗത കുരുക്കഴിക്കുന്നതിനു പുറമെ എയ്ഡ് പോസ്റ്റുകളിലെത്തുന്ന മറ്റ് വിഷയങ്ങളും സ്റ്റേഷനുകളിൽ ആളുകൾ കുറഞ്ഞാൽ അവിടുത്തെ ജോലിയുമെല്ലാം ഹോം ഗാർഡുമാർ ചെയ്യുന്നുണ്ട്. ദിനംപ്രതി 785 രൂപയാണ് ഇവർക്ക് ലഭിക്കുന്ന കൂലി. മാസം നാല് ലീവ് കഴിഞ്ഞാൽ 26 ദിവസമാണ് പണിയെടുക്കുക. ഇത്രയും ദിവസങ്ങളിലെ കൂലിയാണ് തൊട്ടടുത്ത മാസം ആദ്യം ലഭിക്കേണ്ടത്. എന്നാൽ കണ്ണൂരിൽ മാത്രം പലപ്പോഴും വൈകിയാണ് ശമ്പളം ലഭിക്കുന്നതെന്ന് നേരത്തേ തന്നെ ആക്ഷേപമുയർന്നിരുന്നു.
സൈന്യത്തിൽ 25-30 വർഷം വരെ ജോലി ചെയ്തവരാണ് വിരമിച്ച ശേഷം നാട്ടിലെത്തി ഹോംഗാർഡുമാരായി പണിയെടുക്കുന്നത്. ഇതിൽ പലരും വിവിധ കാരണങ്ങളാൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ്. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് പലരും ഹോംഗാർഡ് പണിക്കിറങ്ങിയത്.
മറ്റൊരു ആനുകൂല്യവും നൽകുന്നില്ലെന്നിരിക്കെ ദിവസക്കൂലി തുകയെങ്കിലും മാസം കൃത്യമായി നൽകിക്കൂടെയെന്നാണ് ഇവർ ചോദിക്കുന്നത്.63 വയസ്സുവരെയാണ് ഇവർക്ക് ജോലി ചെയ്യാനാവുക. നിലവിൽ തന്നെ പലരും രോഗികളുമാണ്.ഭവന വായ്പയടക്കം കടബാധ്യതയേറെയുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
സ്ഥിതി ഇങ്ങനെയൊക്കെയായിരിക്കെയാണ് അധികൃതർ ശമ്പളം വൈകിപ്പിക്കുന്നത്. ഓഫിസർമാർക്ക് മറ്റ് തിരക്കുണ്ടെന്നും ഹോംഗാർഡുമാരുടെ കാര്യം മാത്രം നോക്കിയാൽ പോരെന്നുമാണത്രെ ശമ്പളം വൈകിയ കാര്യം അന്വേഷിച്ചപ്പോൾ കണ്ണൂർ അഗ്നി രക്ഷ നിലയം ഓഫിസിൽ നിന്ന് ലഭിച്ച മറുപടി.
കൃത്യസമയത്ത് ഹോം ഗാർഡുമാർക്ക് ശമ്പളത്തുക ലഭ്യമാക്കാത്ത നടപടി ഔചിത്യമില്ലായ്മയാണെന്നും വിമുക്ത ഭടൻമാരാണെന്ന കാര്യം പോലും പരിഗണിക്കുന്നില്ലെന്നും ആരോപിച്ച് ഹോംഗാർഡ് വെൽഫെയർ അസോസിയേഷൻ ജില്ല കമ്മിറ്റി അധികൃതരുടെ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.