ഭൂഗര്‍ഭ ജലത്തിനുള്‍പ്പെടെ ഭീഷണി: മൂന്ന് അധിനിവേശ സസ്യങ്ങളൊഴിവാക്കാന്‍ ഡല്‍ഹി

ന്യൂഡല്‍ഹി: നാശനഷ്ടങ്ങള്‍ മാത്രം വരുത്തിയ ചരിത്രമാണ് എന്നും അധിനിവേശ സസ്യങ്ങള്‍ക്ക് പറയാനുള്ളത്. ഇപ്പോഴിതാ അതിന്റെ വേറിട്ട ഒരു രൂപം രാജ്യതലസ്ഥാനത്തിനും വെല്ലുവിളിയായിരിക്കുന്നു. വിലയത്തി കികര്‍, സുബാബുള്‍, യൂക്കാലിപ്റ്റ്‌സ് തുടങ്ങിയ അധിനിവേശ വൃക്ഷങ്ങളാണ് ഡൽഹി നഗരത്തിന്റെ ഹരിത ശ്വാസകോശങ്ങളായി അറിയപ്പെടുന്ന ദില്ലി റിഡ്ജിന് ഭീഷണി ഉയര്‍ത്തുന്നത്.
മരങ്ങള്‍ മൂലം ഉണ്ടാകാനുള്ള അപകടസാധ്യത കണക്കിലെടുത്ത് വനം വകുപ്പിനോട് അവ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് സംസ്ഥാന പാരിസ്ഥിതിക ആഘാത പഠന അതോറിറ്റി. ഡല്‍ഹി അര്‍ബന്‍ ആര്‍ട്ട് കമ്മീഷനാണ് ഇവയുടെ ദോഷവശങ്ങളെ കുറിച്ച് ആദ്യം ചോദ്യങ്ങളുയര്‍ത്തുന്നത്. പാരിസ്ഥിതികമായ ദോഷം ഇവ മൂലമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
വിലയത്തി കികര്‍ പോലെയുള്ളവ നീക്കം ചെയ്യാനുള്ള പൈലറ്റ് പ്രൊജ്ക്ട് നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയാണ്. മറ്റ് അധിനിവേശ വര്‍ഗങ്ങളായ സുബാബുള്‍, ലാന്റാന പോലെയുള്ളവ എങ്ങനെ കൈകാര്യം ചെയ്യാമെന്നത് സംബന്ധിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ട്.
സെന്‍ട്രല്‍ റിഡ്ജില്‍ നിന്നും വിലയത്തി കികര്‍ വിജയകരമായി ഒഴിവാക്കാന്‍ സാധിക്കുകയാണെങ്കില്‍ സമാനമായ മാര്‍ഗമായിരിക്കും സുബാബുള്‍, ലാന്റാന പോലെയുള്ളവ ഒഴിവാക്കാനും ഉപയോഗിക്കുക. ഡല്‍ഹിയെ പച്ചപ്പിനാല്‍ മൂടാന്‍ ഈ സസ്യങ്ങള്‍ സഹായിയിട്ടുണ്ടെന്നതിനാല്‍ ഇവയെ പെട്ടന്ന് ഒഴിവാക്കാനും സാധിക്കില്ല.
ഡല്‍ഹിയില്‍ സാധാരണയായി കണ്ടു വരുന്ന സസ്യങ്ങളല്ല ഇവ. ഇവ അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പ്രാദേശിക സസ്യങ്ങള്‍ക്കുള്‍പ്പെടെ ഇവ ഭീഷണിയായി തീര്‍ന്നിരിക്കുന്നു. രാജ്യതലസ്ഥാനത്ത് കണ്ടെത്തിയ മൂന്ന് അധിനിവേശ സസ്യങ്ങളില്‍ ഏറ്റവും അപകടകാരി വിലയത്തി കികറാണ്.
മെക്‌സിക്കന്‍ സ്വദേശിയായ ഈ സസ്യത്തെ ബ്രിട്ടീഷുകാര്‍ 1930 ലാണ് ഡല്‍ഹിയില്‍ അവതരിപ്പിക്കുന്നത്. 50 മീറ്റര്‍ ആഴത്തില്‍ വരെ ഇവയുടെ വേരുകള്‍ പോകുമെന്നതിനാല്‍ ഭൂഗര്‍ഭ ജലത്തിനും ഇവ ഭീഷണിയാണെന്ന് വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.
ഓസ്‌ട്രേലിയന്‍ സ്വദേശികളായ യൂക്കാലിപ്റ്റ്‌സ് പ്രത്യക്ഷത്തില്‍ അധിനിവേശ സ്വഭാവക്കാരല്ല. എന്നാല്‍ ഇവ ധാരാളം ജലം വിനിയോഗിക്കുകയും അതുവഴി ജലസമ്പത്ത് കുറയുകും ചെയ്യുന്നു. മറ്റൊരു സസ്യമായ സുബാബുളുകളുടെ സ്വദേശവും മെക്‌സിക്കോയാണ്. കന്നുകാലി തീറ്റയും മറ്റുമായി ഉപയോഗിക്കാന്‍ വനംവകുപ്പ് തന്നെയാണ് സുബാബുള്ളുകളെ അവതരിപ്പിക്കുന്നത്.
വിലയത്തി കികറുകളുടെ അത്ര അപകടകാരികള്‍ അല്ലെങ്കിലും സുബാബുള്ളുകള്‍ അതിവേഗത്തില്‍ വ്യാപിക്കുന്നവയാണ്. വിലയത്തി കികറുകളേ പോലെ തന്നെ സുബാബുള്ളുകളും പ്രാദേശിക സസ്യങ്ങളെ സമീപത്ത് വളരാന്‍ അനുവദിക്കുകയില്ല. കഴിഞ്ഞ ദശാബ്ദത്തിനിടെ സുബാബുള്ളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.