ആര്യങ്കാവില്‍ ക്ഷീരവികസന വകുപ്പ് പിടികൂടിയ 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താനായില്ല

കൊല്ലം ആര്യങ്കാവില്‍ മായം ചേര്‍ത്ത പാല്‍ ക്ഷീരവികസന വകുപ്പ് പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താനായില്ല. പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്.
15300 ലിറ്റര്‍ പാലുമായി വന്ന ടാങ്കര്‍ ലോറി അഞ്ചു ദിവസമായി പൊലീസ് സ്റ്റേഷനിലാണ്. ജനുവരി 11നാണ് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പാല്‍ ടാങ്കര്‍ ലോറി ക്ഷീര വികസന വകുപ്പ് പിടികൂടിയത്.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ കേരളത്തിലേക്ക് കടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്.
KL 31 L 9463 എന്ന ലോറിയില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. പന്തളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് എത്തിച്ചതാണ് പാലെന്നു ലോറി ഡ്രൈവര്‍ വ്യക്തമാക്കുകയായിരുന്നു.