കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക്, തിരുവനന്തപുരത്തും കൊച്ചിയിലും നടപ്പാക്കും

തിരുവനന്തപുരം: വാട്ടർ അതോറിട്ടിക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യകമ്പനിക്ക് കൈമാറാൻ ധാരണയായി.കേരള അർബൻ വാട്ടർ സപ്ളൈ ഇംപ്രൂവ്മെന്റ് പ്രോജക്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ജലവിതരണ ശൃംഖല നവീകരിച്ചും കുടിവെള്ളം മുടക്കം കൂടാതെ ലഭ്യമാക്കിയും പദ്ധതി നടപ്പാക്കാൻ എ.ഡി.ബി വായ്പ നൽകും.വാട്ടർ അതോറിട്ടിയുടെ നഷ്ടം കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നാണ് കണക്കുകൂട്ടൽ.
എന്നാൽ സ്വകാര്യ കമ്പനി നിരക്ക് അമിതമായി വർദ്ധിപ്പിക്കുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം നിരക്ക് വർദ്ധന വരുത്തിയതും ഇതിന് മുന്നോടിയാണെന്ന് ആക്ഷേപമുണ്ട്.നിലവിൽ കിലോലിറ്ററിന് 4.40 രൂപയ്ക്ക് ഗുണഭോക്താവിന് ലഭിക്കുന്ന വെള്ളത്തിന്റെ കരം 14.41 രൂപയായി കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു.പദ്ധതി 10 വർഷത്തേക്ക് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനാണ് നീക്കം.
ഇക്കാലയളവിനുള്ളിൽ വാട്ടർ അതോറിട്ടിയുടെ നഷ്ടം 20 ശതമാനമാക്കി കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.2511 കോടിയുടെ പദ്ധതി പൈലറ്റ് പ്രോജക്ടായി കൊച്ചിയിലാണ് ആദ്യം നടപ്പാക്കുക. കൊച്ചി കോർപ്പറേഷനെ ഒമ്പത് സോണുകളാക്കി തിരിച്ചാണിത്.1045 കോടിയാണ് ഇതിനായി ചെലവിടുന്നത്. പദ്ധതിത്തുകയുടെ 70 ശതമാനം ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും 30 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. എ.ഡി.ബിയുടെ പ്രതിനിധികളും വാട്ടർ അതോറിട്ടി ടെക്നിക്കൽ മെമ്പർ, സെൻട്രൽ സോൺ ചീഫ് എൻജിനീയർ, മറ്റ് മുതിർന്ന എൻജിനിയർമാർ തുടങ്ങിയവർ അടുത്തിടെ തിരുവനന്തപുരത്ത് യോഗം ചേർന്ന് പദ്ധതി സംബന്ധിച്ച് ധാരണയിലെത്തി.
കൺസൾട്ടൻസി കരാറിനായി ഇന്ത്യയിലെയും വിദേശത്തെയും എട്ട് കമ്പനികളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റും തയ്യാറാക്കി.തുക നാല് പാക്കേജുകൾക്ക് 2510 കോടി പദ്ധതിത്തുക1757 കോടി എ.ഡി.ബി വിഹിതം753കോടി സർക്കാർ വിഹിതം1 എറണാകുളത്തെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തൽ2 തിരുവനന്തപുരം ജലവിതരണം മെച്ചപ്പെടുത്തൽ3 ആലുവയിലെ പ്ളാന്റ് നവീകരണം4 അരുവിക്കര പ്ളാന്റ് നവീകരണംആറുവർഷം മുൻപേ ആലോചന2017:എ.ഡി.ബി-സർക്കാർ ധാരണ2018:കേന്ദ്രത്തിന്റെ അനുമതി ലഭിച്ചു2020: സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി