സെക്രട്ടറിയേറ്റിനുള്ളിൽ കോൺഗ്രസ് സംഘടനാ നേതാക്കൾ തമ്മിൽ കൈയ്യേറ്റം; വിളിച്ചു വരുത്തി മർദ്ദിച്ചതായി പരിക്കേറ്റ ട്രഷറർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളിൽ സർവീസ് സംഘടന നേതാക്കൾ തമ്മിൽ കൈയ്യാങ്കളി. കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്‌ളോയിസ് അസോസിയേഷന്റെ ഭാഗമായ ഉദ്യോഗസ്ഥരാണ് പ്രവൃത്തിദിനത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘടനയിലെ എ ഗ്രൂപ്പ്, ഐ ഗ്രൂപ്പുകൾ തമ്മിൽ ഭാരവാഹിത്വചുതലകളെക്കുറിച്ച് മാസങ്ങളായി തുടർന്ന് വരുന്ന തർക്കമാണ് കൈയ്യേറ്റത്തിൽ കലാശിച്ചതെന്നാണ് വിവരം.
സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷൻ ട്രഷറർ ഹാരിസിന് കൈയ്യാങ്കളിയിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അസോസിയേഷന്റെ ഓഫീസിലേയ്ക്ക് ചർച്ചയ്ക്കെന്ന പേരിൽ വിളിച്ചു വരുത്തിയ ശേഷം വാക്കേറ്റമുണ്ടാവുകയും പിന്നീട് മർദ്ദിച്ചതുമായാണ് ആരോപണം. മർദ്ദനമേറ്റവർ പൊലീസിൽ പരാതി നൽകി.