ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിലകൂടും, ഉപഭോക്താക്കളുടെ സുരക്ഷ ഭീഷണിയിലാവും; മുന്നറിയിപ്പുമായി ഗൂഗിള്‍

Share our post

ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്നത് ആന്‍ഡ്രോയിഡ് ഫോണുകളാണ്. അതിനുള്ള പ്രധാന കാരണം അവയുടെ വില തന്നെയാണ്. സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ ലഭ്യമാവുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ ഇറങ്ങുന്നുണ്ട്.

എന്നാല്‍ താമസിയാതെ ഈ നിലയില്‍ മാറ്റം വരുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന മുന്നറിയിപ്പ്. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ ഉത്തരവ് രാജ്യത്തെ ആന്‍ഡ്രോയിഡ് ഫോണുകളുടെ വില വര്‍ധിക്കുന്നതിന് കാരണമാവുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം രണ്ട് വ്യത്യസ്ത ഉത്തരവുകളിലായി 2273 കോടി രൂപയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഗൂഗിളിന് പിഴ വിധിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് മൊബൈല്‍ പ്ലാറ്റ്‌ഫോമിലെ മേധാവിത്വം കമ്പനി ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചാണ് 1337 കോടി രൂപ പിഴ വിധിച്ചത്.

ഇതിന് പുറമെ പ്ലേ സ്റ്റോറിലൂടെ തങ്ങളുടെ മേധാവിത്വം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് 936 കോടി രൂപയും പിഴ വിധിച്ചു. സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളുമായി ഏകപക്ഷീയമായ കരാറുണ്ടാക്കുന്നുവെന്നും ഗൂഗിളിന്റെ ആപ്പുകള്‍ക്ക് ആന്‍ഡ്രോയിഡ് മേധാവിത്വം നല്‍കാന്‍ ശ്രമിക്കുന്നുവെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ആരോപിക്കുന്നു.

വിലവര്‍ധനയും, സുരക്ഷയും സംബന്ധിച്ച ഗൂഗിളിന്റെ മുന്നറിയിപ്പ്

രാജ്യത്തെ ഡിജിറ്റല്‍ വത്കരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് കോമ്പറ്റീഷന്‍ കമ്മീഷന്റെ ഉത്തരവുകളെന്ന് ഗൂഗിള്‍ പങ്കുവെച്ച ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

2008 ല്‍ ആന്‍ഡ്രോയിഡ് ആദ്യമായി അവതരിപ്പിക്കുമ്പോള്‍ സ്മാര്‍ട്‌ഫോണുകള്‍ വളരെ ചെലവേറിയതായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുറഞ്ഞ ചിലവിലുള്ള സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കാന്‍ ഗൂഗിള്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് അവസരമൊരുക്കി.

ഫോര്‍ക്ക്‌സ് (Forks) എന്നറിയപ്പെടുന്ന ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ നിലവില്‍ വന്നാല്‍ അത് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഡെവലപ്പര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെട്ടിരുന്ന ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ സ്ഥിരതയ്ക്കും പ്രവചനാത്മകതയ്ക്കും അത് ദോഷം ചെയ്യും. ഗൂഗിൾ പറയുന്നു.

എന്താണ് ഫോര്‍ക്ക് പതിപ്പുകള്‍

നിലവില്‍ ആന്‍ഡ്രോയിഡ് ഓഎസിന് മേല്‍ ഗൂഗിള്‍ കരാറുകളിലൂടെ നേടിയെടുത്ത ഒരു കടിഞ്ഞാണുണ്ട്. ആ കടിഞ്ഞാണില്ലാതെ മറ്റ് കമ്പനികള്‍ക്ക് സ്വന്തം നിലയ്ക്ക് വികസിപ്പിച്ചെടുക്കാന്‍ സാധിക്കുന്ന ആന്‍ഡ്രോയിഡ് ഒഎസിന്റെ വ്യത്യസ്ത പതിപ്പുകളെയാണ് ഫോര്‍ക്കുകള്‍ (Forks) എന്ന് വിളിക്കുന്നത്. ഇവ ഗൂഗിള്‍ വികസിപ്പിക്കുന്ന യഥാര്‍ത്ഥ ആന്‍ഡ്രോയിഡുമായി പൂര്‍ണമായും ചേര്‍ന്ന് പോവുന്നവ ആയിരിക്കില്ല.

ആന്‍ഡ്രോയിഡ് ഉപകരണങ്ങളുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായി ഗൂഗിള്‍ നല്‍കിവരുന്ന സംരക്ഷണവും സുരക്ഷാ ഫീച്ചറുകളും ഫോര്‍ക്ക് വേര്‍ഷനുകള്‍ അവസാനിപ്പിക്കും. ഗൂഗിളിന്റെ സുരക്ഷാഫീച്ചറുകള്‍ ഇല്ലാതാവുന്നതോടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും, ബഗ്ഗുകള്‍ക്കും മാല്‍വെയറുകള്‍ക്കും അവസരമൊരുക്കും. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡിന്റെ ഫോര്‍ക്ക് പതിപ്പുകള്‍ ഭീഷണി സൃഷ്ടിക്കും.

പ്ലേ സ്റ്റോറിലെ ആപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഗൂഗിള്‍ സുരക്ഷാ അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുകയും മാല്‍വെയര്‍ സ്‌കാന്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഫോര്‍ക്ക് പതിപ്പുകളിലെ ആപ്പുകള്‍ക്ക് ഈ നിലവാരത്തിലുള്ള സുരക്ഷയൊരുക്കാന്‍ കഴിഞ്ഞേക്കില്ല. ഇത് വിവര ചോര്‍ച്ചയ്ക്ക് കാരണമാവുകയും രാജ്യത്തിനും വ്യക്തിക്കും ഭീഷണി സൃഷ്ടിക്കുകയും ചെയ്‌തേക്കും.

വിലയെങ്ങനെയാണ് വര്‍ധിക്കുക

സ്മാര്‍ട്‌ഫോണ്‍ നിര്‍മാണക്കമ്പനികള്‍ സ്വന്തം നിലയ്ക്ക് ആന്‍ഡ്രോയിഡ് ഓഎസിന്റെ ഫോര്‍ക്ക് പതിപ്പുകള്‍ നിര്‍മിച്ചാല്‍ ഗൂഗിളിന്റെ സുരക്ഷാ സംവിധാനങ്ങളുടെ സംരക്ഷണം അവയ്ക്ക് ലഭിക്കില്ല. മാത്രവുമല്ല ഈ പതിപ്പുകള്‍ ഗൂഗിളിന്റെ യഥാര്‍ത്ഥ പതിപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും ആയിരിക്കില്ല.

അപ്പോള്‍ ഓരോ കമ്പനികള്‍ക്കും ഉപഭോക്താക്കളുടെ സുരക്ഷ സ്വന്തം നിലയ്ക്ക് ഏറ്റെടുക്കേണ്ടതായി വരും. ഇതിന് കമ്പനികള്‍ക്ക് പ്രത്യേകം ചിലവ് വരും. ഇത് ഉപകരണങ്ങളുടെ വില വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നാണ് ഗൂഗിള്‍ അതിന്റെ ബ്ലോഗ് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡെവലപ്പര്‍മാരുടെ പ്രയാസം

വിവിധ കമ്പനികള്‍ അവരുടേതായ ഫോര്‍ക്ക് ആന്‍ഡ്രോയിഡ് പതിപ്പുകള്‍ രംഗത്തിറക്കുന്നതോടെ ഈ മേഖലയിലെ ആപ്പ് ഡെവലപ്പര്‍മാരും പരുങ്ങലിലാവും. നിലവില്‍ ആന്‍ഡ്രോയിഡ് ആപ്പ് ചെറിയ ഡെവലപ്പര്‍മാര്‍ക്ക് പോലും ആന്‍ഡ്രോയിഡിന്റെ ലോകവ്യാപകമായുള്ള ഉപഭോക്താക്കള്‍ക്കിടയിലേക്ക് എളുപ്പം പ്രവേശനം ലഭിക്കുകയും വലിയ ആപ്പ് ഡെവലപ്പര്‍മാരുമായി എളുപ്പം മത്സരിക്കാനും സാധിക്കുന്നുണ്ട്.

എന്നാല്‍ ഓരോ കമ്പനികളും ആന്‍ഡ്രോയിഡിന്റെ വ്യത്യസ്ത പതിപ്പുകള്‍ നിര്‍മിക്കുന്നതോടെ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. അതായത് ഏത് പ്ലാറ്റ്‌ഫോമില്‍ തങ്ങളുടെ ആപ്പ് വേണമെന്ന് അവര്‍ തിരഞ്ഞെടുത്ത് തീരുമാനിക്കേണ്ടിവരും. ഓരോ പ്ലാറ്റ്‌ഫോമുകള്‍ക്കും അനുസൃതമായി ആപ്പുകള്‍ പ്രത്യേകം രൂപകല്‍പന ചെയ്യേണ്ടതായും വന്നേക്കും.

ഇത് ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് അധിക ചിലവിനിടയാക്കും. ചില ഫോര്‍ക്കുകളില്‍ നിന്ന് ആപ്പ് ഡെവലപ്പര്‍മാര്‍ മാറി നിന്നാല്‍ ആ ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സേവനങ്ങള്‍ ഉപയോഗിക്കാനാവാതെ വന്നേക്കും.

ഇങ്ങനെ മറ്റ് ഫോണ്‍ നിര്‍മാണ കമ്പനികളുമായുള്ള കരാറുകളില്‍ നിന്ന് പിന്‍മാറുന്നതോടെ ഉണ്ടാകാവുന്ന വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയാണ് ഗൂഗിള്‍ ബ്ലോഗ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!