സുൽത്താൻബത്തേരി: ജീവൻ നിലനിർത്താൻ 86 ദിവസം വെന്റിലേറ്ററിൽ, ഒരുവർഷത്തോളം ട്യൂബിലൂടെ ദ്രവരൂപത്തിൽ ഭക്ഷണം, അവസാനം ആമാശയത്തിന്റെ ഒരു ഭാഗമെടുത്ത് കുഴൽപോലെയാക്കി പുതിയൊരു അന്നനാളം വെച്ചുപിടിപ്പിച്ചു… ഒരു ഛർദി സുരേഷിന്റെ ജീവിതം മരണത്തിന്റെ വക്കിലെത്തിച്ചെങ്കിലും ആ പ്രതിസന്ധിഘട്ടങ്ങളെയെല്ലാം തരണംചെയ്ത് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണിപ്പോൾ.
2021 ഒക്ടോബർ 30-നാണ് ബത്തേരി കല്ലൂർ കട്ടിപ്പറമ്പിൽ കെ.എസ്. സുരേഷിന്റെ ജീവിതത്തിൽ കരിനിഴൽവീഴ്ത്തിയ ആ സംഭവമുണ്ടാകുന്നത്. പതിവുപോലെ രാത്രി ആഹാരം കഴിച്ച് കിടക്കാനൊരുങ്ങുമ്പോഴാണ് മനംപുരട്ടൽ അനുഭവപ്പെടുന്നത്. കഴിച്ച ആഹാരം വയറിന് പിടിക്കാത്തതാണെന്ന് കരുതി ഛർദിക്കാൻ ശ്രമിച്ചു.
സുരേഷ്
സാധാരണ ഛർദിക്കുമ്പോൾ, ആമാശയത്തിലുള്ള ആഹാരം മുകളിലേക്ക് തള്ളിവരുമ്പോൾ അന്നനാളത്തിന്റെ മുകൾഭാഗത്തെ വാൽവ് തുറന്നുകൊടുക്കും. എന്നാൽ സുരേഷ് ഛർദിച്ചപ്പോൾ ആ വാൽവ് തുറന്നില്ല. ഇതോടെ സുരേഷിന്റെ അന്നനാളം പൊട്ടിപ്പോയി. ഛർദിലായി മുകളിലേക്ക് തള്ളിവന്ന ആഹാരവസ്തുക്കളെല്ലാം നെഞ്ചിൻകൂട്ടിൽ നിറഞ്ഞു. ‘ബോവർഹാവ്‌സ് സിൻഡ്രം’ എന്ന അത്യപൂർവമായി മാത്രം സംഭവിക്കുന്ന ശരീരത്തിലെ അവസ്ഥയാണിത്.
അസ്വസ്ഥതയുണ്ടായതോടെ രാത്രിതന്നെ ബത്തേരിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സ തേടിയെങ്കിലും മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു. പക്ഷേ, നേരം പുലർന്നപ്പോഴേക്കും സുരേഷിന്റെ ആരോഗ്യനില വഷളായി. ബത്തേരിയിലെ മറ്റൊരു സ്വകാര്യ ആസ്പത്രിയിലെത്തിച്ചപ്പോഴാണ് അപകടാവസ്ഥ തിരിച്ചറിഞ്ഞത്. ഇവിടത്തെ ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിലെത്തിച്ചു. ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.
പൊട്ടിത്തകർന്നുപോയ അന്നനാളം നീക്കംചെയ്യുകയായിരുന്നു ആദ്യ കടമ്പ. നെഞ്ചിൽകെട്ടിക്കിടന്ന ഛർദിലിന്റെ അവശിഷ്ടങ്ങളും നീക്കംചെയ്തു.
പിന്നീട് പല ശസ്ത്രക്രിയകൾ. വായും വയറും തമ്മിൽ യാതൊരു ബന്ധവുമില്ലാതായി. ഇതിനാൽ ട്യൂബിലൂടെ പ്രോട്ടീൻ പൗഡറും ദ്രവരൂപത്തിലൂള്ള ഭക്ഷണവും നൽകിയത് ഒരു വർഷത്തോളമാണ്. ഇടയ്ക്കിടെ അണുബാധയും വില്ലനായെത്തി. 104 ദിവസം നീണ്ട ആസ്പത്രിവാസം അവസാനിച്ചെങ്കിലും കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് വരാനായില്ല. ആസ്പത്രിക്ക് അടുത്ത് ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിച്ചായിരുന്നു തുടർച്ചികിത്സ.
ഒരു വർഷത്തിനുശേഷം, 2022 ഒക്ടോബർ 22-ന് ആമാശയത്തിന്റെ ഒരു ഭാഗമെടുത്ത് കുഴൽപോലെയാക്കി സുരേഷിന് പുതിയൊരു അന്നനാളം വെച്ചുപിടിപ്പിച്ചു.
ചികിത്സകൾ ഇനിയും തുടരണം. സുരേഷിന്റെ പ്രാണനുവേണ്ടി പ്രാർഥനയും പരിചരണവുമായി ഈ നാളുകളിലെല്ലാം ഭാര്യ പി.കെ. രജനി കൂടെയുണ്ടായിരുന്നു.
ബത്തേരി ബ്ലോക്ക് ഓഫീസിലെ എൻജിനിയറായ സുരേഷ് ഒന്നേകാൽ വർഷത്തിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ജോലിയിൽ പ്രവേശിച്ചു.
ബേബി മെമ്മോറിയൽ ആസ്പത്രിയിലെ കാർഡിയാക് തൊറാസിക് സർജൻ ഡോ. ഹരിലാൽ വി. നമ്പ്യാർ, ഗ്യാസ്‌ട്രോ സർജൻ ഡോ. ശൈലേഷ് ഐക്കോട്ട്, ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. ഐ.കെ. ബിജു, കാർഡിയാക് അനസ്തീഷ്യോളജിസ്റ്റ് ഡോ. വി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സുരേഷിന് ചികിത്സ.