സൈനികര്‍ ഇനി കളരിപ്പയറ്റും പഠിക്കും

ന്യൂഡല്‍ഹി: സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇനി ആയോധനകലകളും പഠിപ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്ന കളരിപ്പയറ്റുള്‍പ്പെടെയുള്ള തനത് ആയോധനകലകള്‍ കൂട്ടിയോജിപ്പിച്ചാകും പരിശീലനം.
സൈനികപരിശീലനത്തിന്റെ ഭാഗമായി നിലവില്‍ ചില റെജിമെന്റുകളില്‍ സ്വന്തംനിലയ്ക്ക് ഇന്ത്യന്‍ ആയോധനകലകള്‍ പരിശീലിപ്പിക്കുന്നുണ്ട്. മദ്രാസ് റെജിമെന്റിലെ ചിലയിടങ്ങളില്‍ കളരിപ്പയറ്റ്, സിഖ് റെജിമെന്റില്‍ ഗട്ക, ഗൂര്‍ഖ റെജിമെന്റില്‍ ഖുക്രി തുടങ്ങിയവ പരിശീലിപ്പിക്കാറുണ്ട്. ഇവയെല്ലാം ചേര്‍ത്തുള്ള പരിശീലനപദ്ധതിയാണ് അമര്‍.
വെടിയുതിര്‍ക്കാനും യുദ്ധോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും പരിശീലിപ്പിക്കുന്നതിനൊപ്പമുള്ള ഈ പരിശീലനം സൈനികരുടെ മെയ് വഴക്കവും കായികക്ഷമതയും വര്‍ധിപ്പിക്കുമെന്നും കണക്കുകൂട്ടുന്നു. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളക്കാരുമായി ആയുധങ്ങളില്ലാതെയുള്ള ഏറ്റുമുട്ടലുണ്ടായ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ പരിശീലനം നല്‍കാനുള്ള തീരുമാനം.