സ്‌കൂൾ ടൈംടേബിള്‍ പുന ക്രമീകരണംപരിഗണനയില്: വി .ശിവന്‍കുട്ടി

തിരുവനന്തപുരം : മന്ത്രി വി ശിവൻകുട്ടിയും വിദ്യാർഥികളും ചേർന്ന് സൃഷ്ടിച്ച കത്തിയെരിയുന്ന അഗ്നിപർവതവും ലാവയും കണ്ട് കൈടിച്ച് സദസ്സ്. ശാസ്‌ത്രസാഹിത്യ പരിഷത്ത് 60 -ാം വാർഷികത്തോട് അനുബന്ധിച്ച് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ബാലശാസ്‌ത്രോത്സവം കുട്ടികൾക്കൊപ്പം അഗ്നിപർവത സ്‌ഫോടനത്തിന്റെ ചെറുമാതൃകയിൽ പരീക്ഷണം നടത്തി ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
ഗവ. എച്ച്എസ്എസ് അവനവഞ്ചേരി, ഗവ. എച്ച്എസ്എസ് ഇളമ്പ, ജവാഹർ നവോദയ എന്നീ സ്‌കൂളുകളിലെ വിദ്യാർഥികളാണ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്. കുട്ടികളിൽ കല, കായിക, ശാസ്‌ത്ര അവബോധം സൃഷ്ടിക്കുന്നനിലയിൽ സ്‌കൂൾ ടൈംടേബിൾ പുനക്രമീകരിക്കുമെന്നത് പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
മതേതരത്വ ചരിത്രമുള്ള ഇന്ത്യയെ ഹിന്ദുത്വരാഷ്‌ട്രമാക്കാനുള്ള പരീക്ഷണങ്ങൾ നടക്കുന്നു. ശാസ്‌ത്രത്തെ മാറ്റിനിർത്തി അനാചാരം പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ പരിഷത്തിന്റെ പ്രസക്തി വർധിക്കുമെന്നും മന്ത്രി പറഞ്ഞു.
പരിഷത്ത് ബാലവേദി കൺവീനർ കെ ബീന, പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ. ജി ഹരികൃഷ്‌ണൻ, പ്രൊഫ. അരവിന്ദാക്ഷൻ, വാർഡ് കൗൺസിലർ രാഖി രവികുമാർ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് റഷീദ് ആനപ്പുറം, സംഘാടകസമിതി ജനറൽ കൺവീനർ ജി. സുരേഷ് എന്നിവർ സംസാരിച്ചു.
ബാലശാസ്‌ത്രോത്സവത്തിൽ 60 പരീക്ഷണങ്ങളുമായി 300 കുട്ടികൾ എത്തി. കെമിക്കൽ ട്രാഫിക് ലൈറ്റ് സംവിധാനം മുതൽ കൃത്രിമ സൂര്യാസ്‌തമയം വരെയുണ്ട്. അഞ്ചുപേരടങ്ങുന്ന സംഘം അവതരണത്തിനൊപ്പം പരീക്ഷണം വിവരിക്കുന്നുമുണ്ട്. ഞായറാഴ്‌ച സമാപിക്കും.