അവഗണനയിൽ താളംതെറ്റി പാപ്പിനിശേരി റെയിൽവേ സ്റ്റേഷൻ

പാപ്പിനിശേരി: അധികൃതരുടെ അവഗണനയിൽ പാപ്പിനിശേരി റെയിൽവേ സ്‌റ്റേഷൻ. സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംനേടിയ സ്റ്റേഷനെയാണ് അധികൃതർ കൈയൊഴിഞ്ഞത്. ഡോ. ബാബു രാജേന്ദ്ര പ്രസാദ് മുതൽ നിരവധി നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്‌ത റെയിൽവേ സ്റ്റേഷനാണ് പാപ്പിനിശേരി.
നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന ഇവിടെ വൻതോതിൽ ചരക്കുനീക്കവുമുണ്ടായി. ഇപ്പോൾ രാവിലെയും വൈകിട്ടും ലോക്കൽ, ഫാസ്‌റ്റ് പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.
പ്ലാറ്റ്ഫോം ഉയരം കുറവായതിനാൽ രോഗികൾക്കും വയോജനങ്ങൾക്കും ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടാണ്. ആവശ്യത്തിന് വെളിച്ചവുമില്ല. ഒന്നാം പ്ലാറ്റ് ഫോമിൽനിന്ന് അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് പോകാൻ മേൽപ്പാലമില്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നു.
രണ്ട് പ്ലാറ്റ് ഫോമിലും മേൽക്കൂരയില്ല. 1907ൽ നിലവിൽ വന്ന സ്റ്റേഷൻ ഇപ്പോഴും നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന പ്രധാന സ്റ്റേഷനാണ്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.