കുടുംബശ്രീ രജത ജൂബിലി ആഘോഷം 26ന്‌

Share our post

കണ്ണൂർ: കുടുംബശ്രീ രജതജൂബിലി ആഘോഷം 26ന്‌ അയൽക്കൂട്ടാംഗങ്ങളുടെ സംഗമത്തോടെ ആരംഭിക്കും. ജില്ലയിലെ 20500 അയൽക്കൂട്ടങ്ങളിലും ‘ചുവട്‌ 2023’പേരിൽ സംഗമം സംഘടിപ്പിക്കും. പൊതുയിടങ്ങൾ സ്‌ത്രീകൾക്ക്‌ അവരുടെ സാമൂഹിക–-സാംസ്‌കാരിക ആവിഷ്‌കാര പ്രവർത്തനങ്ങൾക്കുള്ള ഇടമാണെന്നുള്ള തിരിച്ചറിവ്‌ ഉറപ്പാക്കുകയാണ്‌ ചുവട്‌ 2023ന്റെ ലക്ഷ്യം.

കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ബാലസഭ അംഗങ്ങൾ, വയോജന അയൽക്കൂട്ടാംഗങ്ങൾ ഒരു ദിനം നീളുന്ന സംഗമത്തിൽ പങ്കാളികളാകും.

റിപ്പബ്ലിക്‌ ദിനത്തിൽ ദേശീയപതാക ഉയർത്തിക്കൊണ്ടാണ്‌ പരിപാടികൾ ആരംഭിക്കുക. കാവ്യസദസ്സ്‌, അക്ഷരശ്ലോകസദസ്സ്‌, സംഗീതവിരുന്ന്‌, വിവിധ കലാപരിപാടികളുടെ കലാസംഗമം എന്നിവ ഉണ്ടാകും. സിനിമാപ്രദർശനം, ഗ്രൂപ്പ്‌ ഫോട്ടോയെടുക്കൽ, അഭിനയക്കളരി, നാടൻപാട്ട്‌, സംഘനൃത്തം, എന്നിവയും നടക്കും.

മെയ്‌ 17വരെ നീളുന്ന വിവിധ പരിപാടികളാണ്‌ അയൽക്കൂട്ട സംഗമത്തിലൂടെ തുടക്കം കുറിക്കുന്നതെന്ന്‌ കുടുംബശ്രീ ജില്ലാ പ്രോഗ്രാം കോ–-ഓഡിനേറ്റർ ഡോ. എം സുർജിത്ത്‌ പറഞ്ഞു. സംഗമത്തിൽ ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയൽക്കൂട്ട പരിസരം, അയൽക്കൂട്ട കുടുംബങ്ങളുടെ ജീവിതത്തിൽ കുടുംബശ്രീ മുഖേന ഉണ്ടായ മാറ്റങ്ങൾ, അയൽക്കൂട്ട കുടുംബങ്ങളുടെയും അയൽക്കൂട്ട പരിധിയിലുള്ള കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ എന്നിവ ചർച്ച ചെയ്യും. കുടുംബശ്രീ വഴി മികവ്‌ നേടിയവരെ ആദരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!