Breaking News
ഉറ്റവർക്ക് ഓമനിക്കാൻ പാവയും കുടയും ബാക്കി; അഞ്ജുവിനും കുഞ്ഞുങ്ങള്‍ക്കും നാട് വിടനല്‍കി

വൈക്കം: കൊഞ്ചിച്ച് കൊതിതീരാത്ത കുരുന്നുകളുടെ ഓർമയിൽ അവർക്കിനി ചേർത്തുവെക്കാൻ പാവയും ബുക്കുകളും മുത്തുക്കുടയും. മകളും കൊച്ചുമക്കളും ചേതനയറ്റ് മുറ്റത്തെത്തവേ വൈക്കം കുലശേഖരമംഗലം ആറാക്കൽ വീട് സങ്കടത്തുരുത്തായി. ആറാക്കൽ അശോകന്റെ മകൾ അഞ്ജു (39), മക്കളായ ജീവ (ആറ്), ജാൻവി (നാല്) എന്നിവരാണ് ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളുടെ മൃതദേഹത്തിനൊപ്പം വെച്ചിരുന്ന പാവയും ബുക്കുകളും മുത്തുക്കുടയും മാറ്റുമ്പോൾ കണ്ണീരടക്കാൻ നാട് പാടുപെട്ടു.
ഡിസംബർ 15-ന് രാത്രിയിലാണ് ഇവരെ ഇംഗ്ലണ്ടിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊലക്കേസിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ ഇരിട്ടി പടിയൂർ ചേലേവാലിൽ സാജു(52)വിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.
ശനിയാഴ്ച 8.05-നാണ് മൃതദേഹങ്ങൾ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽനിന്ന് നെടുമ്പാശ്ശേരിയിലെത്തിച്ചത്. വീട്ടിലെത്തിച്ച മൃതദേഹങ്ങൾ മൂവാറ്റുപുഴയാറിന്റെ തീരത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതുദർശനത്തിനു വെച്ചു. ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിക്കാനെത്തി. ഒരുമണിയോടെ മൃതദേഹങ്ങൾ സംസ്കരിച്ചു.
അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ. ഉപദേശകസമിതി അംഗവുമായ മനോജ് മാത്യു മൃതദേഹങ്ങളെ അനുഗമിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ, തോമസ് ചാഴികാടൻ എം.പി., സുരേഷ് ഗോപി തുടങ്ങിയവരാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
കണ്ണീർപ്പുഴയായി ഇത്തിപ്പുഴ; അന്തിമോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ
വൈക്കം: ശാന്തമായി ഒഴുകിയ മൂവാറ്റുപുഴയാറിന്റെ തീരത്ത് കാത്തുനിന്ന വൻ ജനാവലിക്കിടയിലൂടെ മൂന്ന് ആംബുലൻസുകൾ വന്നുനിന്നു. പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് ആദ്യം ചേതനയറ്റ അഞ്ജുവിന്റെ മൃതദേഹം ആംബുലൻസിൽനിന്ന് എടുത്തുവെച്ചു. പിന്നാലെ മക്കളായ ജീവയുടെയും ജാൻവിയുടെയും മൃതദേഹങ്ങൾ അഞ്ജുവിന്റെ ഇടത്തും വലത്തുമായിവെച്ചപ്പോൾ നാട് ഒന്നാകെ കരഞ്ഞു.
മൃതദേഹങ്ങൾക്കരികിലിരുന്ന് കരഞ്ഞ അഞ്ജുവിന്റെ അച്ഛൻ അശോകനെയും ഭാര്യ കൃഷ്ണമ്മയെയും സഹോദരി അശ്വതിയെയും സമാധാനിപ്പിക്കാൻ ഉറ്റബന്ധുക്കൾക്കുപോലുമായില്ല.
പലരും നിസ്സഹായരായി നോക്കിനിന്നു. തളർന്നുവീണ മൂവരെയും പിന്നീട് വീട്ടിലേക്ക് മാറ്റി. മൂന്ന് മണിക്കൂറോളം മൃതദേഹങ്ങൾ പൊതുദർശനത്തിനുവെച്ചു. ഒട്ടേറെയാളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ ആറാക്കൽ വീട്ടിലെത്തിയത്. തുടർന്ന്, വീടിന് മുൻപിൽ നേരത്തേ തയ്യാറാക്കിയ ചിതകളിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചു. അശോകന്റെ സഹോദരൻ മനോഹരന്റെ മകൻ ഉണ്ണി ചിതകൾക്ക് തീകൊളുത്തി.
മന്ത്രി റോഷി അഗസ്റ്റിൻ, സി.കെ. ആശ എം.എൽ.എ., ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, എൻ.സി.പി. സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, കെ.പി.സി.സി. അംഗം മോഹൻ ഡി.ബാബു,മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ, എസ്.എൻ.ഡി.പി. വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ തുടങ്ങിയവരുൾപ്പെടെ വിവിധ രാഷ്ട്രീയ സാമൂഹിക സാമുദായിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.ബ്രിട്ടീഷ് പോലീസ് വൈക്കത്തേക്ക്
വൈക്കം: വൈക്കം സ്വദേശിനി അഞ്ജുവും മക്കളായ ജീവയും ജാൻവിയും ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനായി ബ്രിട്ടീഷ് പോലീസ് സംഘം വൈക്കത്ത് എത്തും. കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പോലീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറും വൈക്കത്തേക്ക് എത്തുമെന്നാണ് സൂചന.
അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾക്കൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ചില അനുമതികൾ കിട്ടാതിരുന്നതിനാൽ യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. അന്തിമ അനുമതി ലഭിച്ചാലുടൻ ഇരുവരും വൈക്കത്തെത്തും. സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കാനും തുടരന്വേഷണത്തിനുമായുമാണ് പോലീസ് നാട്ടിലെത്തുന്നത്. കേസിലെ പ്രതിയായ അഞ്ജുവിന്റെ ഭർത്താവ് സാജുവിനെക്കുറിച്ചുള്ള വിവരങ്ങളും ബന്ധുക്കളിൽനിന്നു ചോദിച്ചറിയുമെന്നാണ് സൂചന.
ഇത് അവരുടെ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് മൃതദേഹങ്ങളെ അനുഗമിച്ചെത്തിയ ഇടുക്കി കട്ടപ്പന സ്വദേശിയും അഞ്ജുവിന്റെ സഹപ്രവർത്തകനുമായ മനോജ് മാത്യു പറഞ്ഞു.
നെസ്റ്റ് ഓഫ് കിൻ ആയി മനോജ് മാത്യു
വൈക്കം: ബ്രിട്ടനിലെ നെസ്റ്റ് ഓഫ് കിൻ(അടുത്ത ബന്ധു)ആയി നിന്നത് അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി കട്ടപ്പന സ്വദേശിയുമായ മനോജ് മാത്യുവാണ്. മൂവരും കൊല്ലപ്പെട്ട ഡിസംബർ 15 മുതൽ ബ്രിട്ടനിലെ എല്ലാ കാര്യങ്ങൾക്കും മുൻകൈയെടുത്തത് മനോജ് മാത്യുവിന്റെ നേതൃത്വത്തിലുള്ള മലയാളി സംഘമാണ്. കൊലപാതകമായതിനാൽ ബ്രിട്ടീഷ് പോലീസിന്റെ വിവിധ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങൾ വിട്ടുനൽകിയത്. എല്ലാത്തിനും മുന്നിൽ നിന്നത് മനോജ് മാത്യുവാണ്. അഞ്ജുവും കുടുംബവും താമസിച്ചിരുന്ന കെറ്ററിങ്ങിലെ വീടിന് തൊട്ടടുത്താണ് മനോജ് മാത്യുവും കുടുംബവും താമസിക്കുന്നത്. ഒരുവർഷമായി അഞ്ജുവിനെയും സാജുവിനെയും മക്കളായ ജീവയെയും ജാൻവിയെയും അറിയാമെന്ന് മനോജ് മാത്യു പറഞ്ഞു.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
Breaking News
സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ച നിലയിൽ


തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മി മന്ദിരത്തില്‍ കെ.എസ് വിജയകുമാര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്