ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങി

Share our post

മോറാഴ: ജില്ലാ കളരിപ്പയറ്റ്‌ അസോസിയേഷൻ സംഘടിപ്പിക്കുന്ന 64–-ാമത്‌ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മോറാഴയിൽ തുടങ്ങി. മനസ്സും ശരീരവും ഏകാഗ്രമാക്കാനും മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗത്തിൽനിന്ന്‌ പുതുതലമുറയുടെ ശ്രദ്ധതിരിക്കാനും ഉപകാരപ്പെടുന്ന ആയോധന കലയായ കളരിപ്പയറ്റിൽ ജില്ലയിലെ നൂറോളം കളരികളിൽനിന്ന്‌ ആയിരത്തോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്.

മോറാഴ സെൻട്രലിലെ കളത്തിൽ കൃഷ്ണൻ വൈദ്യർ ഗുരുക്കൾ നഗറിൽ ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എ .വിജയൻ ഗുരുക്കൾ അധ്യക്ഷനായി. കൗൺസിലർ കെ മോഹനൻ, പി. ആർ ശശിഗുരുക്കൾ, കെ .പി അബ്‌ദുൾ ഖാദർ ഗുരുക്കൾ എന്നിവർ സംസാരിച്ചു. കെ .ബിജുമോൻ സ്വാഗതവും ടി .പി പവിത്രൻ നന്ദിയും പറഞ്ഞു.

സീനിയർ വിഭാഗത്തിൽ 15 ജൂനിയർ വിഭാഗത്തിൽ 13 സബ് ജൂനിയർ വിഭാഗത്തിൽ ആറ്‌ ഇനങ്ങളിലുമാണ്‌ മത്സരം. ആദ്യദിനം സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരം നടന്നു. ഞായർ സീനിയർ ആൺ, പെൺവിഭാഗങ്ങളിലും ജൂനിയർ ആൺവിഭാഗത്തിലും മത്സരം നടക്കും.

സമാപന സമ്മേളനം വൈകിട്ട് എം. വിജിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നടൻ സന്തോഷ്‌ കീഴാറ്റൂർ മുഖ്യാതിഥിയാകും. സ്‌പോർട്‌സ്‌ കൗൺസിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഒ. കെ .ബിനീഷ്‌ പ്രഭാഷണം നടത്തും.

വിസ്മയപാർക്ക് വൈസ് ചെയർമാൻ കെ. സന്തോഷ് ട്രോഫി വിതരണം ചെയ്യും. ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും ജയകേരള കളരി സംഘവും ചേർന്നാണ്‌ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!