ആര്‍ഭാടവിവാഹം; അഭിപ്രായംതേടി വീടുകള്‍ കയറിയിറങ്ങി,നിക്ഷേപം ഒഴുകി; തൃശ്ശൂരിലെ മറ്റൊരു വന്‍ തട്ടിപ്പ്

തൃശ്ശൂര്‍: അരണാട്ടുകരയില്‍ പാടം തത്കാലത്തേക്ക് നികത്തി ഏക്കറുകണക്കിന് സ്ഥലത്ത് പന്തലിട്ടു. സംസ്ഥാനത്തെ പ്രമുഖരെ ക്ഷണിച്ചു. ക്ഷണിക്കപ്പെടാത്തവരുണ്ടെങ്കില്‍ ക്ഷണമായി കരുതാന്‍ നോട്ടീസടിച്ചു. നാലുനാള്‍ വിഭവസമൃദ്ധമായ വിരുന്നൊരുക്കി. ബാന്‍ഡ് സംഗീതമൊരുക്കി.
മേഖലയാകെ അലങ്കാരദീപങ്ങള്‍ തെളിയിച്ചു. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമെന്നോണം ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിരുന്നൊരുക്കി… 200 കോടിയുടെ തട്ടിപ്പ് നടത്തിയ ധനവ്യവസായ ബാങ്കിന്റെ ഉടമകളുടെ മകന്റെ കല്യാണം ഈ വിധം ആര്‍ഭാടമായിരുന്നു.
75 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്കിന്റെ പ്രശസ്തിക്ക് വേണ്ടിയായിരുന്നില്ല ആഡംബരക്കല്യാണം. ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസം വര്‍ധിപ്പിച്ച് കൂടുതല്‍ നിക്ഷേപമെത്തിക്കാനായിരുന്നു. കല്യാണശേഷം സ്ഥാപനമുടമ ജോയ് ഡി. പാണഞ്ചേരി കല്യാണത്തില്‍ പങ്കെടുത്ത പ്രമുഖരുടെ വീടുകള്‍ കയറിയിറങ്ങി.
കല്യാണത്തെപ്പറ്റി അഭിപ്രായം അറിയാനാണ് എത്തിയതെന്ന് പറഞ്ഞു. ഇറങ്ങുമ്പോള്‍ വീട്ടുകാരോട് ചോദിച്ചു- കുറച്ച് നിക്ഷേപം എന്റെ സ്ഥാപനത്തിലും ഇട്ടുകൂടേ. ഏഴര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബാങ്കിലേക്ക് പണം ഒഴുകിയെത്തി.
പരിധിക്കപ്പുറത്തേക്ക് നിക്ഷേപമെത്തിയെങ്കിലും ഒഴുക്ക് നിയന്ത്രിച്ചില്ല. അങ്ങനെ കിട്ടിയ പണം മറ്റെവിടെയൊക്കെയോ നിക്ഷേപിച്ച് വരുമാനം ഉറപ്പുവരുത്തി. അതോടെ ഇടപാടുകാര്‍ക്ക് മുടങ്ങാതെ പലിശ നല്‍കി. കോവിഡ് കാലത്തും പലിശ മുടങ്ങിയില്ല. എന്നാല്‍, വായ്പയെടുത്തവരുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിന്റെ തകര്‍ച്ച തുടങ്ങി.
1946-ല്‍ പാണഞ്ചേരി ദേവസി ആരംഭിച്ച കുറിക്കമ്പനിയാണ് രണ്ടാമത്തെ മകനായ ജോയ് ഡി. പാണഞ്ചേരി സ്വകാര്യ ധനകാര്യസ്ഥാപനമായി വളര്‍ത്തിയത്. നാട്ടുകാരെയെല്ലാം കൈയയച്ച് സഹായിച്ചിരുന്നെങ്കിലും ആഡംബരം അരങ്ങ് തകര്‍ത്തു.
കൂറ്റന്‍ വീടിന്റെ കൂദാശദിനത്തില്‍ കേരളത്തിലെ ഏറ്റവും വലിയ ബാന്‍ഡിന്റെ സംഗീതനിശയാണ് സംഘടിപ്പിച്ചത്. പുറംനിക്ഷേപങ്ങള്‍ തിരിച്ചുപിടിക്കാനാകാതെയും നിക്ഷേപകരെ നിയന്ത്രിക്കാനാകാതെയും വന്നതോടെ സ്ഥാപനം പൂട്ടി ജോയ് ഡി. പാണഞ്ചേരിയും ഭാര്യ കൊച്ചുറാണിയും മുങ്ങുകയായിരുന്നു.