കണ്ണൂർ: ക്ലാസ് കട്ടാക്കിയും നഗരത്തിൽ അലഞ്ഞുതിരിഞ്ഞും നടക്കുന്ന വിദ്യാർഥികളെ നേർവഴി കാട്ടാൻ കണ്ണൂർ സിറ്റി പൊലീസ് നടപ്പാക്കിയ വാച്ച് ദി സ്റ്റുഡന്റ് പരിശോധനയിൽ പിടിയിലായത് അഞ്ഞൂറോളം കുട്ടികൾ. പദ്ധതി തുടങ്ങി രണ്ടു മാസം പൂർത്തിയാകുമ്പോഴുള്ള കണക്കാണിത്.
പരിശോധന ശക്തമായതോടെ കറങ്ങാനെത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതേസമയം, വാച്ച് ദി സ്റ്റുഡന്റ് പരിശോധനക്കായി ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാത്തത് വെല്ലുവിളിയാണ്.
തുടക്കത്തിൽ കാണിച്ച ആവേശം ഇപ്പോൾ പൊലീസിനില്ല. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമ്പോൾ വാച്ച് ദി സ്റ്റുഡന്റ് ഡ്യൂട്ടിക്കാരെയും അവിടേക്കു നിയോഗിക്കും. കൊലപാതകം, സംഘർഷം, സമരം, പ്രതിഷേധ മാർച്ചുകൾ തുടങ്ങിയ പ്രശ്നങ്ങൾക്കിടയിൽ കുട്ടികളെ തിരയാനും ശ്രദ്ധിക്കാനും ഉദ്യോഗസ്ഥരെ കിട്ടാനില്ലെന്നാണ് വിവരം.
വനിത സെൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വനിത പൊലീസുകാരുടെ പ്രത്യേക സ്ക്വാഡും വാഹനവുമാണ് പരിശോധനക്കായി പ്രവർത്തിക്കുന്നത്. ഇവരുടെ സേവനം ലഭ്യമല്ലാത്തപ്പോൾ പിങ്ക് പൊലീസും കുട്ടികളെ നല്ലവഴി നടത്താനിറങ്ങും.
നഗരത്തിലെ സ്കൂൾ വിദ്യാർഥികളെ നിരീക്ഷിക്കാനായി എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ നവംബർ ഒമ്പതു മുതലാണ് ‘വാച്ച് ദ് ചിൽഡ്രൻ’ എന്ന പേരിൽ പദ്ധതി തുടങ്ങിയത്. ഭാഗമായി വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ചാണ് പ്രവർത്തനം. കോർപറേഷൻ പരിധിയിലെ സ്കൂൾ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ, വനിത പൊലീസ് ഉദ്യോഗസ്ഥർ, പിങ്ക് പൊലീസ് എന്നിവരാണ് ഗ്രൂപ്പിലെ അംഗങ്ങൾ.
സംശയകരമായ സാഹചര്യത്തിൽ സ്കൂളിലെത്താത്ത വിദ്യാർഥികളെ കുറിച്ച് വാട്സ്ആപ് ഗ്രൂപ്പിൽ വിവരം നൽകാം. പരിശോധനയിൽ പിടിയിലാവുന്നവരിൽ ഏറെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം കോട്ടയിലും മാളുകളിലും ബീച്ചുകളിലും കണ്ടുമുട്ടാനെത്തുന്നവരാണ്.
വീട്ടിൽ അറിയിക്കാതെ സിനിമ തിയറ്ററുകളിലും കുട്ടികൾ എത്തുന്നുണ്ട്. പൊലീസ് നടപടി ശക്തമാക്കിയതോടെ ക്ലാസ് കട്ടു ചെയ്ത് നഗരത്തിൽ കറങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. ദിവസേന പത്തു പേരൊക്കെ തുടക്കത്തിൽ പിടിയിലായിരുന്നു. പിന്നീടു നാലായി കുറഞ്ഞു.
കുട്ടി കറക്കക്കാരെ ലഹരിമാഫിയ ഉന്നം വെക്കുന്നതായി പൊലീസിന് വിവരമുണ്ട്. നഗരത്തിലെ വിദ്യാർഥികൾ എം.ഡി.എം.എ അടക്കമുള്ള ലഹരിമരുന്നുകൾ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. സംശയാസ്പദമായ സാഹചര്യങ്ങളിൽ കണ്ടെത്തുന്ന വിദ്യാർഥികളെ കുറിച്ചു പൊലീസിൽ വിവരം നൽകാം. ഫോൺ: 9497987216.