സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് വയനാട്ടിലെ എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റില്‍

സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് 16, 17 തീയതികളില്‍ പെരുന്തട്ട എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റില്‍ നടക്കും. ചാമ്പ്യന്‍ഷിപ്പ് 16ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ സൈക്ലിങ്ങ് അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്. മത്സരങ്ങള്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒബ്‌സര്‍വരുടെ നിരീക്ഷണത്തിലായിരിക്കും നടത്തുക.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നായി 250ലധികം സൈക്കിള്‍താരങ്ങള്‍ പങ്കെടുക്കും. ആണ്‍ പെണ്‍ വിഭാഗങ്ങളിലായി അണ്ടര്‍ 14, 16, 18, 23 വിഭാഗങ്ങളിലും പുരുഷ വനിത വിഭാഗങ്ങളിലുമായാണ് മത്സരം. ഇവിടെ നടക്കുന്ന മത്സരങ്ങളില്‍നിന്നാണ് ദേശീയ മത്സരത്തില്‍ പങ്കെടുക്കേണ്ട കേരള ടീമിനെ തിരഞ്ഞെടുക്കുന്നത്.
സൈക്ലിങ് പ്രചാരണത്തിനായി ജില്ലാ സൈക്ലിങ് അസോസിയേഷന്‍ പെരുന്തട്ട ഗവ. യു.പി. സ്‌കൂളിന് രണ്ടുസൈക്കിളുകള്‍ നല്‍കും. പത്രസമ്മേളനത്തില്‍ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി സലീം കടവന്‍, സൈക്ലിങ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ ഇളകുളം, ടി. സതീഷ് കുമാര്‍, എന്‍.സി. സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു.